ADVERTISEMENT

പുണെ ∙ പുണെയിൽ അമിതവേഗത്തിലായിരുന്ന ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി. കൗമാരക്കാരനെ അടുത്ത മാസം 5 വരെ ഒബ്സർവേഷൻ ഹോമിലേക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു.അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പറഞ്ഞ് ജാമ്യം നൽകിയ നടപടി വിവാദമായതിന് പിന്നാലെ പൊലീസ് നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഉത്തരവ്. കൗമാരക്കാരന് വിഷാദരോഗം ഉണ്ടായിരുന്നത് കൊണ്ടാണ് മദ്യപാനം ശീലമാക്കിയതെന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അത് വിലയ്ക്കെടുത്തില്ല. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ഇന്നലെ പ്രതിക്കെതിരെ ചുമത്തി. പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് കുറ്റം ചുമത്തണമെന്ന പൊലീസിന്റെ ആവശ്യം പിന്നീട് പരിഗണിക്കും. 

മദ്യപിച്ചത് 48,000 രൂപയ്ക്ക്
അതിനിടെ, കൗമരക്കാരന് മദ്യം വിളമ്പിയ 2 ഹോട്ടലുകൾ സംസ്ഥാന എക്സൈസ് വകുപ്പ് അടച്ചുപൂട്ടി.  പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയെന്ന കാരണത്താലാണിത്. പതിനേഴുകാരൻ സുഹൃത്തുക്കൾക്കൊപ്പമെത്തി, 2 ഹോട്ടലുകളിൽ നിന്നും മദ്യപിച്ചിരുന്നതായും രണ്ടിടത്തുമായി 48,000 രൂപ ചെലവഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതി മദ്യപിച്ചിട്ടില്ലെന്ന് ആദ്യ എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെ, പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് വെട്ടിലാക്കി. 

തുടർന്നാണ്, മകന്റെ കാര്യത്തിലെ മനഃപൂർവമായ അശ്രദ്ധയുടെ പേരിൽ പിതാവ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്ത്. ഇയാളെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് നേരെ ജനക്കൂട്ടം മഷിയെറിഞ്ഞു.കൂടാതെ, ഒരു ഹോട്ടലിന്റെ ഉടമയെയും 2 ഹോട്ടലുകളുടെ മാനേജർമാരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലർച്ചെ പുണെയിലെ കല്യാണി നഗറിലാണ് പ്രതി ഓടിച്ച പോർഷെ കാറിടിച്ച്, ബൈക്ക് യാത്രികരായ 2 സോഫ്റ്റ്‌വെയർ എൻജിനീയർമാർ മരിച്ചത്. 

ഇരട്ടനീതിയെന്ന് രാഹുൽ ഗാന്ധി
പണം ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതിയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ വാഹനാപകട കേസുകളിൽ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. ഓട്ടോ ഡ്രൈവറോട്രക്ക് ഡ്രൈവറോ അപകടമുണ്ടാക്കിയാൽ 10 വർഷം തടവാണ് ശിക്ഷ. എന്നാൽ, പണക്കാരന്റെ മകന് ഉപന്യാസമെഴുതി രക്ഷപ്പെടാനുള്ള സാഹചര്യമാണുള്ളത്. സമ്പന്നരെന്നും ദരിദ്രരെന്നും വേർതിരിച്ച നരേന്ദ്ര മോദി രാജ്യത്ത് രണ്ടുതരം പൗരന്മാരെന്ന വിഭജനം സൃഷ്ടിക്കുകയാണെന്നും രാഹുൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിമർശിച്ചു.

എന്നാൽ, രാഹുലിന്റെ പ്രസ്താവന അപലപനീയമാണെന്നും വിഷയം വോട്ടാക്കി മാറ്റാനുള്ള നീക്കം വിലകുറഞ്ഞ രാഷ്ട്രീയമാണെന്നുമുള്ള ആരോപണവുമായി ബിജെപി രംഗത്തെത്തി. കുറ്റക്കാരെ മണിക്കൂറുകൾക്കുളളിൽ അറസ്റ്റ് ചെയ്തെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com