ADVERTISEMENT

മുംബൈ∙ മഴക്കാലം തുടങ്ങുന്നതിനു മുൻപേ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച്  ഇക്കൊല്ലം ജനുവരി മുതൽ മേയ് വരെ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണത്തിൽ 40 ശതമാനം വർധന രേഖപ്പെടുത്തി.സാധാരണ മഴക്കാലത്തും അതിനു ശേഷവുമാണ് ഡെങ്കിപ്പനി കൂടുതലായി ഉണ്ടാകുക. എന്നാൽ, കാലംതെറ്റി പെയ്യുന്ന മഴയിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം വർധിച്ചതാണ് ജനുവരി–മേയ് കാലയളവിൽ ഡെങ്കി കേസുകൾ കൂടുന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 1755 കേസുകളാണ് മേയ് മാസം വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻവർഷങ്ങളിൽ  ഇക്കാലത്ത് 1000–1200 കേസുകൾ മാത്രമായിരുന്നു. 23 ജില്ലകളിലും ഡെങ്കിപ്പനി വർധിച്ചു. മുംബൈയിൽ മാത്രം മുന്നൂറോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാൽഘർ, കോലാപുർ മേഖലകളാണ് ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചത്.

1.32 ലക്ഷം പ്രജനന കേന്ദ്രങ്ങൾ
കഴിഞ്ഞ വർഷം മുംബൈ നഗരത്തിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകളുടെ 1.32 ലക്ഷം പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തിയെന്നാണ് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചത്. ഇക്കൊല്ലം ഇതുവരെ 35940 കേന്ദ്രങ്ങൾ കണ്ടെത്തുകയും  നശിപ്പിക്കുകയും ചെയ്തു. ഡെങ്കിപ്പനി പ്രതിരോധിക്കാൻ വിപുലമായ കർമപദ്ധതികളും ബിഎംസി തയാറാക്കിയിട്ടുണ്ട്. എന്നാൽ, ജനപങ്കാളിത്തമുണ്ടെങ്കിൽ  മാത്രമേ പ്രതിരോധനടപടികൾ വിജയത്തിലെത്തൂവെന്ന് അധികൃതർ പറഞ്ഞു. ഓവുകളിലും കെട്ടിടനിർമാണ സൈറ്റുകളിലെ വെള്ളക്കുഴികളിലും കൊതുകുപെരുകുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നതു ഡെങ്കി, മലേറിയ വ്യാപനത്തിനു കാരണമായിട്ടുണ്ട്. അതിനാൽ, ഓവുകളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ബിഎംസി ഊർജിതമാക്കിയിട്ടുണ്ട്.

മഞ്ഞപ്പിത്തവും പിടിമുറുക്കുന്നു
മുംബൈ ∙ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ നഗരത്തിൽ പിടിമുറുക്കുന്നു. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് രോഗങ്ങൾ കൂടാൻ കാരണമെന്നും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) എ, ഇ ബാധിക്കുന്നതിലേറെയും മലിനജലത്തിലുണ്ടാക്കിയ പഴച്ചാർ, കരിമ്പ് ജ്യൂസ്, ശീതള പാനീയങ്ങൾ എന്നിവ കാരണമാണെന്നും ഇവയിൽ ചേർക്കുന്ന ഐസ് ഉണ്ടാക്കുന്നത് വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണെന്നും അധികൃതർ പറഞ്ഞു.

ബിഎംസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 66 പേർ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയിട്ടുണ്ട്. മാർച്ചിൽ 53, ഫെബ്രുവരിയിൽ 34 എന്നിങ്ങനെയായിരുന്നു കണക്ക്. സർക്കാർ ആശുപത്രികളിൽ ശരാശരി 6-7 മഞ്ഞപ്പിത്ത രോഗികൾ ഓരോ ആഴ്ചയുമെത്തുന്നുണ്ട്. കൂടുതലും യുവാക്കളാണ്. മഞ്ഞപ്പിത്തം വരുന്നവരിൽ 1-2% പേർക്ക് കരൾ രോഗം മൂർച്ഛിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധിക്കാം ജാഗ്രതയോടെ
ശുദ്ധജലം മാത്രം കുടിക്കുക, വഴിയോരത്തെ ഭക്ഷണം ഒഴിവാക്കുക, ഐസ് ഒഴിവാക്കുക, ആഹാരത്തിനു മുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുക

‍െഡങ്കിപ്പനി ലക്ഷണം
∙തലവേദന, ശരീര വേദന, സന്ധിവേദന
∙തുടർച്ചയായ ഛർദി, ആലസ്യം
∙രക്തസ്രാവം, തളർച്ച
∙ശരീരോഷ്മാവ് പെട്ടെന്ന് കുറയുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com