ADVERTISEMENT

ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ 'ഓര്‍മ' ഓണ്‍ലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ മനം കവര്‍ന്ന് സംഘാടകരുടെ ചേര്‍ത്തുപിടിക്കല്‍. സെക്കന്റ് റൗണ്ടിലേക്കുള്ള പ്രസംഗ മത്സരത്തിനു മുന്നോടിയായി കുട്ടികള്‍ക്ക് നല്‍കിയ പരിശീലന പരിപാടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആദ്യത്തെ റൗണ്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാന്നൂറോളം പ്രസംഗങ്ങളില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങള്‍ തിരഞ്ഞെടുത്തത്. ഈ കുട്ടികള്‍ക്കാണ് അടുത്ത ഘട്ടത്തിനു മുന്നോടിയായി പ്രത്യേക പരിശീലനമൊരുക്കിയത്. 

 

രണ്ട് മണിക്കൂര്‍ വീതം നാല് വീക്കെന്‍ഡുകളിലായാണ് ഓര്‍മ്മയുടെ സംഘാടകര്‍ കുട്ടികള്‍ക്കായി പ്രസംഗ പരിശീലനം ഒരുക്കിയത്. ഇംഗ്ലീഷ് മലയാളം വിഭാഗങ്ങള്‍ക്ക് വെവ്വേറെയായി ട്രെയിനിംഗ് നല്‍കി. ഇതിനായി കുട്ടികള്‍ക്ക് പല റൗണ്ട് ഹോം വര്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കി. കുട്ടികള്‍ പല തരത്തിലുള്ള പ്രസംഗ വീഡിയോകള്‍ പരിശീലകര്‍ക്ക് അയച്ചു നല്‍കുകയും ഓരോ പ്രസംഗവും ശ്രദ്ധിച്ചു കേട്ടതിനു ശേഷം പരിശീലകര്‍ ഓരോ കുട്ടിക്കും വ്യക്തിപരമായി ആവശ്യമായ തിരുത്തലുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു. 

 

കൃത്യമായ ട്രെയിനിംഗ് വഴി കുട്ടികളുടെ കഴിവിനെ കൂടുതല്‍ മെച്ചപ്പെടുത്താനും അവരുടെ ചെറിയ തെറ്റുകള്‍ തിരുത്താനുമുള്ള ശ്രമമാണ് നടത്തിയത്. ഹ്യൂമണ്‍ റിസോഴ്സസ് ട്രെയിനിംഗ് കമ്പനിയായ സിനര്‍ജിയുടെ പ്രമുഖ ട്രെയിനേര്‍സായ ബെന്നി കുര്യന്‍, സോയി തോമസ് എന്നിവരാണ് കുട്ടികള്‍ക്ക് അതിമനോഹരമായി പരിശീലനം നല്‍കിയത്. ഇവരോടൊപ്പം ട്രെയിനര്‍ കം കോഡിനേറ്റര്‍ ആയി ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസും കുട്ടികള്‍ക്ക് മികച്ച വഴികാട്ടിയായി. ഭാരവാഹി എന്ന നിലയിലും ട്രെയിനര്‍ എന്ന നിലയിലും മത്സരാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, ജോസ് ആറ്റുപുറം എന്നിവരും കൃത്യമായ മേല്‍നോട്ടങ്ങള്‍ നല്‍കി സഹകരിച്ചു. 

 

സാധാരണ ഗതിയില്‍ പ്രസംഗമത്സരങ്ങള്‍ നടക്കുകയും ചിലര്‍ വിജയികളാകുകയും ആ പരിപാടി അവസാനിക്കുകയും ചെയ്യും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി പങ്കെടുത്ത അമ്പത് കുട്ടികളേയും ഒരു ടീമായി ഒരുമിച്ചു ചേര്‍ത്ത് സൂം മീറ്റിലൂടെ അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുക വഴി കുട്ടികള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഓര്‍മ്മയുടെ സംഘാടകര്‍ക്ക് കഴിഞ്ഞു. തികച്ചും സൗജന്യമായാണ് കുട്ടികള്‍ക്ക് ഇങ്ങനെയൊരു പരിശീലനമൊരുക്കിയത്. നല്ല പ്രാസംഗികരും നല്ല ലീഡേര്‍സുമായി അവരെ ഒരുക്കുകയെന്ന ആശയത്തോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ഈ പരിപാടിയോട് സഹകരിച്ചത്. ഫസ്റ്റ് റൗണ്ടില്‍ ജയിച്ച 50 കുട്ടികളുടെ സ്പീച്ചും നാലാഴ്ചകളിലായി ചാനല്‍ പ്രോഗ്രാമിലൂടെ ടെലികാസ്റ്റ് ചെയ്തിരുന്നു. സെക്കന്റ് റൗണ്ടില്‍ വിജയിക്കുന്ന കുട്ടികളുടെ സ്പീച്ചും ഫൈനല്‍ റൗണ്ട് മത്സരവും തുടര്‍ന്ന് ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും. 

 

മത്സരാര്‍ഥികളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് പരിശീലന പരിപാടിക്ക് ലഭിച്ചത്. ഒരു മികച്ച പ്രസംഗത്തിന്റെ ഘടനയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലികള്‍ രൂപീകരിക്കാനുള്ള പ്രേരണയാണ് ട്രെയിനിംഗിലൂടെ ലഭിച്ചതെന്ന് കുട്ടികള്‍ പ്രതികരിച്ചു. തങ്ങളുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാനുള്ള തൂവലായി മാറിയെന്നും ഓരോ മത്സരാര്‍ത്ഥിക്കും കൃത്യമായ ശ്രദ്ധ നല്‍കി അവരുടെ പുരഗോതി പരിശോധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ പ്രമുഖരായ വ്യക്തികള്‍ തങ്ങള്‍ക്കൊപ്പം ഈ മത്സര യാത്രയിലുണ്ടായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. മികച്ച മത്സരാര്‍ഥിയില്‍ നിന്നും മികച്ച നേതാവിലേക്കുള്ള മത്സരാര്‍ത്ഥികളുടെ രൂപമാറ്റത്തിന് ഓര്‍മയൊരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരവും പരിശീലനവും കാരണമാകുമെന്നും മത്സരാര്‍ഥികള്‍ ആവേശത്തോടെ പറഞ്ഞു. 

 

മറ്റ് പ്രസംഗ മത്സര വേദികളൊന്നും സമ്മാനിക്കാത്ത ഒരു സുവര്‍ണാവസരമാണ് ഓര്‍മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സര വേദി സമ്മാനിച്ചതെന്നും പ്രസംഗത്തിന്റെ ശരിയായ അര്‍ഥ തലങ്ങളെക്കുറിച്ചറിയാന്‍ പ്രമുഖരായ പരിശീലകരുടെ നിര്‍ദ്ദേശങ്ങളിലൂടെ സാധിച്ചുവെന്നും അഭിപ്രായങ്ങളുയര്‍ന്നു. വെറുതെ ഒരു പ്രസംഗ മത്സരം നടത്തി കുറച്ച് പേര്‍ക്ക് സമ്മാനം നല്‍കി വിടുക എന്നതിനു പകരം പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന വിധത്തില്‍ അവസരമൊരുക്കുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ഓര്‍മ ലക്ഷ്യമിട്ടതെന്ന് മത്സരാര്‍ഥികളുടെ മാതാപിതാക്കളും ടീച്ചേഴ്സും പ്രതികരിച്ചു. 

 

പ്രസംഗ പരിശീലനവുമായി ബന്ധപ്പെട്ട് നല്‍കിയ വിവിധ അസൈന്‍മെന്റുകളില്‍ അവസാനത്തേതായിരുന്നു റിവ്യൂ വിഡിയോ. ഒരു മത്സരരൂപേണയാണ് കുട്ടികള്‍ക്ക് ഈ വര്‍ക്ക് നല്‍കിയത്. തങ്ങളുടെ അനുഭവം ഏറ്റവും ആത്മാർഥമായി അവതരിപ്പിക്കുന്നവര്‍ക്ക് 5000 രൂപയുടെ പ്രൈസും അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് വിഭാഗങ്ങളില്‍ നിന്നായി നാല് പേര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരാള്‍ക്ക് 2500 രൂപ എന്ന രീതിയില്‍ പ്രൈസ്മണി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിഭാഗത്തില്‍ അന്നാ മരിയ തോമസ്, സ്നേഹ എസ് എന്നിവരും ഇംഗ്ലീഷ് വിഭാഗത്തില്‍ ഐഹാം ബിച്ച, സിതാര ബി ഫാത്തിമ എന്നീ കുട്ടികളുമാണ് വിജയികളായത്. പ്രോഗ്രാമിന്റെ യൂത്ത് അംബാസിഡര്‍ കൂടിയായ എമിലിന്‍ മരിയ തോമസാണ് വിജയികളുടെ പേര് അനൗണ്‍സ് ചെയ്തത്. 

 

ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ളവര്‍ക്കായുള്ള പ്രസംഗമത്സരത്തിന്റെ പ്രധാന ആകര്‍ഷണീയത ലോകത്തെവിടെ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാമെന്നതായിരുന്നു. രണ്ടാം ഘട്ട മത്സരത്തിലേക്കുള്ള പ്രസംഗ വിഡിയോകള്‍ മത്സരാര്‍ഥികള്‍ അയച്ചു കഴിഞ്ഞു. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി അമ്പത് കുട്ടികളാണ് രണ്ടാം ഘട്ടത്തില്‍ പ്രസംഗ വിഡിയോ അയച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് പരിഗണിക്കുക. ഓഗസ്റ്റ് 12ന് പാലായില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. 

 

ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക. പതിനൊന്നാം തീയതി വെള്ളിയാഴ്ച ഒരു ദിവസത്തെ ട്രെയിനിംഗ് കൂടി നല്‍കിയ ശേഷമാണ് ഫൈനല്‍ മത്സരത്തിനായി കുട്ടികളെ ഒരുക്കുന്നത്. സെക്കന്റ് റൗണ്ടില്‍ വിജയിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പാലായിലെ ഒരു റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് സെന്ററില്‍ താമസവുമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ താമസവും ഭക്ഷണവും യാത്രാച്ചെലവുകളും സംഘാടകര്‍ തന്നെ വഹിക്കും. ഫൈനല്‍ മത്സരത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖരായ വ്യക്തികള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com