ADVERTISEMENT

ന്യൂഡൽഹി∙ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം പ്രവർത്തനം നിലച്ച റിയൽ എസ്റ്റേറ്റ് കമ്പനി യൂണിടെക് ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ അനുമതി. ഇതോടെ യൂണിടെക്കിന്റെ വിവിധ ഭവനപദ്ധതികളിൽ നിക്ഷേപം നടത്തിയ പതിനായിരക്കണക്കിനുപേരുടെ പ്രതിസന്ധിക്കു പരിഹാരമാകും. കമ്പനിയുടെ പുതിയ ബോർഡ് ഡയറക്ടർമാരെയും നിയമിച്ചു. ഹരിയാന കേഡറിലെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ യുദ്‌വിർ സിങ് മാലിക്കാണു പുതിയ ബോർഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും. യൂണിടെക് ഗ്രൂപ്പ് സ്ഥാപകൻ രമേഷ് ചന്ദ്രയെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് തള്ളി. നിലവിലെ സാഹചര്യത്തിൽ ഇത് ഉചിതമല്ലെന്നു കോടതി വ്യക്തമാക്കി. 

നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്ഷൻ കോർപറേഷൻ മുൻ സിഎംഡി എ.കെ. മിത്തൽ, എച്ച്ഡിഎഫ്സി ക്രഡിറ്റ് ഫിനാൻസ് സർവീസസ് ചെയർമാൻ രേണു സുധ് കർണാട്, എംബസി ഗ്രൂപ്പ് സിഎംഡി ജിത്തു വിർവാനി, മുംബൈ ആസ്ഥാനമായ ഹിരൺദ്വാനി മാനേജിങ് ഡയറക്ടർ നിരഞ്ജൻ ഹിരൺദ്വാനി എന്നിവരാണു മറ്റു ബോർഡംഗങ്ങൾ. ഫ്ലാറ്റുകൾ വാങ്ങാൻ പണം നൽകിയവരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂണിടെക് പ്രമോട്ടർമാരായ സഞ്ജയ് ചന്ദ്ര സഹോദരൻ അജയ് ചന്ദ്ര എന്നിവർ ഇപ്പോൾ ജയിലിലാണ്.

കമ്പനി മാനേജ്മെന്റിനെതിരെ എന്തു നടപടി സ്വീകരിക്കാനും പുതിയ ബോർഡിന് അധികാരമുണ്ട്. നിലവിൽ കോടതി ഉത്തരവ് അനുസരിച്ചു സ്വീകരിച്ച നിയമനടപടികൾ പക്ഷേ തൽക്കാലം മരവിപ്പിച്ചു. അതേസമയം  കമ്പനിയുടെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരും. ഭവനപദ്ധതികൾ കൈമാറാൻ കാലതാമസം വന്നതോടെയാണു കോടതിയിൽ നിയമനടപടികൾ ആരംഭിച്ചത്. 

സുപ്രീം കോടതി നിർദേശം അനുസരിച്ചു നടത്തിയ ഓഡിറ്റിങ്ങിലാണു ക്രമക്കേടുകൾ പുറത്തുവന്നത്. 2006–14 കാലത്തു 29,800 ആളുകളിൽ നിന്നായി 14,270 കോടി രൂപ വിവിധ പദ്ധതികൾക്കായി കമ്പനി സ്വന്തമാക്കിയെന്നും 6 ധനകാര്യ സ്ഥാപനങ്ങൾ 1805 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും പരിശോധനയിൽ വ്യക്തമായി. 74 ഭവന പദ്ധതികൾക്കായിട്ടായിരുന്നു ഇത്. എന്നാൽ ഉപയോക്താക്കളിൽ നിന്നു ലഭിച്ച 5063 കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു സ്വന്തമാക്കിയ 763 കോടി രൂപയും ഉപയോഗിച്ചില്ലെന്നും നികുതി വെട്ടിക്കാൻ വിവിധ രാജ്യങ്ങളിലായി നിക്ഷേപം നടത്തിയെന്നുമാണ് കണ്ടെത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com