ADVERTISEMENT

ന്യൂഡൽഹി ∙ പച്ചക്കറിവില താഴേക്ക്. ഇറച്ചിയുടെ വിലയാകട്ടെ മുകളിലേക്കും.. ഗാസിപ്പൂർ അറവുശാലയിലെ പ്രവർത്തനം  നിലച്ചതോടെയാണ് ഇറച്ചിവില കുതിച്ചയുർന്നത്. ഒരു കിലോ ആട്ടിറച്ചിക്ക് 800 രൂപയിൽ കൂടുതൽ. ചിലയിടത്തു 1000 രൂപയ്ക്കു മുകളിൽ ഈടാക്കുന്നുണ്ട്.  ചിക്കനാകട്ടെ  ഇന്നലെ 260 രൂപയിലെത്തി.  അതേസമയം പച്ചക്കറി വില കുറഞ്ഞു. ആസാദ്പുർ മണ്ഡിയിൽ മൊത്തവിൽപനക്കാർ ഏതാനും ദിവസം മുൻപ് ഒരു കിലോ തക്കാളി ഒരു രൂപ നിരക്കിലാണു വിറ്റത്. തക്കാളി മാത്രമല്ല, പല പച്ചക്കറികൾക്കും തുച്ഛമാണു നിരക്ക്.

അതേസമയം പച്ചക്കറി വിലയിൽ കുറവുണ്ടായെങ്കിലും സാധാരണക്കാരിലേക്ക് അതെത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. തക്കാളിക്കു 10–20 രൂപയാണു പലരും ഈടാക്കുന്നത്. ഓഖ്‌ല മണ്ഡിയിൽ ഒരു കിലോ വഴുതനങ്ങ 6 രൂപ നിരക്കിലാണു ഇടത്തരക്കാർ വിൽപന നടത്തിയിരുന്നത്. ആസാദ്പുർ മണ്ഡിയിൽ മേയ് ആദ്യ ആഴ്ച ഒരുകിലോ സവാളയ്ക്കു 4.50–11.25 രൂപയായിരുന്നു വിലയെങ്കിൽ ഇന്നലെയതു 2.50–8.50 രൂപയായി.  ഉരുളക്കിഴങ്, നാരങ്ങ എന്നിവയ്ക്കു മാത്രമാണു ലോക്ഡൗൺ കാലത്തിനിടയിലും നിരക്കു വർധിച്ചത്.

ലക്ഷക്കണക്കിനാളുകൾ  ഡൽഹി വിട്ട് സ്വദേശങ്ങളിലേക്കു പോയതോടെ ആവശ്യക്കാർ കുറഞ്ഞതാണു പച്ചക്കറിയുടെ വില കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.  ഇറച്ചിവിൽപന അനുവദിച്ചിട്ടുണ്ടെങ്കിലും  അറവുശാലകൾ അടയ്ക്കാൻ കഴിഞ്ഞയാഴ്ചയാണു ഈസ്റ്റ് ഡൽഹി കോർപറേഷൻ നിർദേശം നൽകിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യ–മാംസ മാർക്കറ്റാണു ഗാസിപ്പുരിലേത്.  ഇടപാടുകൾ ഏറെയെത്തുന്നതിനാൽ കോവിഡ്  പടരാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണു കോർപറേഷന്റെ നടപടി. ലോക്ഡൗൺ ആരംഭിച്ച ഘട്ടത്തിൽ കിലോയ്ക്ക് 140 രൂപയുണ്ടായിരുന്ന ചിക്കന്റെ നിരക്ക് ഇന്നലെ 260ലെത്തി. 

മട്ടനാകട്ടെ 800 രൂപയ്ക്കു മുകളിലാണു നിരക്ക്. ഓൺലൈൻ വിതരണക്കാർ ആയിരം രൂപയ്ക്കു മുകളിൽ വരെ ഈടാക്കുന്നുണ്ട്. 25 ഏക്കറിലെ  ഗാസിപ്പുർ മണ്ഡിയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കിയതു കച്ചവടക്കാരെയും ഇടനിലക്കാരെയുമെല്ലാം  ഏറെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിനു വിരുദ്ധമായാണു ഈസ്റ്റ് കോർപറേഷന്റെ ഇടപെടലെന്ന് ഇവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com