ADVERTISEMENT

ന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ ജേവാറിൽ നിർമിക്കുന്ന വിമാനത്താവളത്തെ ഡൽഹി രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ പാത 2024 ൽ യാഥാർഥ്യമാകും. ജേവാർ വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്ന 2024ൽ മെട്രോ പാതയും തുറക്കും. മെട്രോ സർവീസ് ആരംഭിക്കുന്നതോടെ ഡൽഹിയിൽ നിന്നു ജേവാറിലേക്ക് രണ്ടര മണിക്കൂറിൽ എത്താം. മെട്രോ പാത സജ്ജമാകുന്നതോടെ സൗത്ത് ഡൽഹിയിൽ നിന്നു ജേവാറിലെത്താൻ ഒന്നര മണിക്കൂർ മതിയാകും.

ഡൽഹി - ജേവാർ മെട്രോ ബന്ധം

മെട്രോ പദ്ധതി നടപ്പാക്കുക 3 ഘട്ടമായി. ആദ്യഘട്ടത്തിൽ എയ്റോസിറ്റിക്കും തുഗ്ലക്കാബാദിനുമിടയിലുള്ള 20 കിലോമീറ്റർ പാതയുടെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) തുടങ്ങിക്കഴിഞ്ഞു. തുഗ്ലക്കാബാദിൽ നിന്ന് നോയിഡ സെക്ടർ 142 ( 15 കിലോമീറ്റർ), നോളജ് പാർക്കിൽ നിന്ന് ജേവാർ വിമാനത്താവളം (35.6 കിലോമീറ്റർ) എന്നിങ്ങനെയാണ് 2,3 ഘട്ടങ്ങളുടെ നിർമാണം നടപ്പാക്കുക.

ഡൽഹി- ജേവാർ റൂട്ടിൽ നോയിഡ സെക്ടർ 142ലും നോളജ് പാർക്കിലും യാത്രക്കാർ ട്രെയിൻ മാറിക്കയറണം. ഡിഎംആർസിയുടെ ഫേസ് 4 മെട്രോ പാത നിർമാണ പദ്ധതിയിൽ ഉൾപ്പെട്ടതാണ് എയ്റോസിറ്റി- തുഗ്ലക്കാബാദ് പാത. ഏകദേശം 8,248 കോടി രൂപ ചെലവിൽ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് 2,3 ഘട്ടങ്ങൾ പൂർത്തിയാക്കുക. ഡൽഹി എയ്റോസിറ്റി, തുഗ്ലക്കാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ വഴി ജേവാറിലെത്തുന്ന 82 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് അതോറിറ്റി സിഇഒ അരുൺ വീർ സിങ് പറഞ്ഞു.

വൻ വികസനം

ഡൽഹി– ഉത്തർപ്രദേശ് അതിർത്തിയിൽ നോയിഡയിലെ ഗൗതം ബുദ്ധ് നഗറിലെ ജേവാറിൽ നിർമിക്കുന്ന വിമാനത്താവളം ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിൽ വൻ വികസനം സാധ്യമാകും. സൂറിക് എയർപോർട്ട് ഇന്റർനാഷനൽ എജി ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിലുള്ള നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും (നിയാൽ) ജേവാർ വിമാനത്താവള നിർമാണത്തിനുള്ള കരാർ ഒപ്പിട്ടത് ഈയിടെയാണ്. 

വിമാനത്താവളത്തിന്റെ നിർമാണം 2021ൽ ആരംഭിക്കുമെന്ന് സൂറിക് എയർപോർട്ട് ഇന്റർനാഷനൽ എജി സിഇഒ ഡേവിഡ് ബിർഷെർ പ്രഖ്യാപിച്ചിട്ടുണ്ട്.  29,560 കോടി രൂപ ചെലവിൽ 5,000 ഹെക്ടറിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിൽ 8 റൺവേകളാണ് സജ്ജമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com