ADVERTISEMENT

ന്യൂഡൽഹി ∙ ആദ്യഘട്ട കോവിഡ് വാക്സിനേഷനുള്ള പ്രധാന കേന്ദ്രങ്ങളായി 89 ആശുപത്രികളെ തിരഞ്ഞെടുത്തതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. 16ന് ആരംഭിക്കുന്ന വാക്സിനേഷനുള്ള ആദ്യ ബാച്ച് വാക്സീൻ നാളെ എത്തുമെന്നും മന്ത്രി പറഞ്ഞു.
ആകെയുള്ള 89 പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങളിൽ 40 എണ്ണം സർക്കാർ ആശുപത്രികളും 49 എണ്ണം സ്വകാര്യ ആശുപത്രികളുമാണ്. ആദ്യഘട്ട വാക്സിനേഷന് കേന്ദ്ര സർക്കാർ രാജ്യത്തുടനീളം 5000 ആശുപത്രികളെയാണ് പ്രധാന കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെടുന്നതാണ് ഡൽഹിയിലെ 89 ആശുപത്രികൾ.

ഈ ആശുപത്രികളിലെല്ലാം ഓരോ കോവിഡ് വാക്സിനേഷൻ സെന്റർ വീതമുണ്ടാവും. ഓരോ സെന്ററിലും 10 ആരോഗ്യപ്രവർത്തകരെ വീതമാണ് വിന്യസിക്കുക. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും തുടർന്ന് കോവിഡ് പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർ, അധ്യാപകർ, 50 വയസ്സിനു മുകളിലുള്ളവർ എന്നിങ്ങനെയാണ് വാക്സീൻ നൽകുക. ഡൽഹിയിലെ കോവിഡ് വാക്സീൻ കുത്തിവയ്പ് പൂർണമായും സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വാക്സിനേഷന് സംസ്ഥാനത്തുടനീളം ആയിരത്തോളം കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്.
ഡൽഹിയിലെ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണത്തിലാണെന്നും മന്ത്രി പറഞ്ഞു.

രാജീവ് ഗാന്ധി ആശുപത്രിയിൽ ഇന്നു മുതൽ ഒപി

ന്യൂഡൽഹി ∙ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ ഇന്നു മുതൽ ഒപി സേവനം പുനരാരംഭിക്കും. കോവിഡ് വ്യാപനം ആരംഭിച്ചതിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കു മാത്രമുള്ള കേന്ദ്രമായി ആശുപത്രിയെ പ്രഖ്യാപിച്ചിരുന്നു. ഇതുകാരണം 10 മാസമായി മറ്റു രോഗികൾക്ക് ഇവിടെ ചികിത്സ ലഭ്യമായിരുന്നില്ല.

രാജീവ് ഗാന്ധി ആശുപത്രി ഉൾപ്പെടെയുള്ള 6 സർക്കാർ ആശുപത്രികളിൽ മറ്റു രോഗികളെയും പ്രവേശിപ്പിക്കാൻ ഈയിടെ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. തുടർന്നാണ് ഒപി സേവനം ആരംഭിക്കുന്നത്. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഒപി പ്രവർത്തിക്കുക. 10 മാസത്തിനു ശേഷമുള്ള ആദ്യത്തെ ശസ്ത്രക്രിയയും ഇന്ന്  രാജീവ് ഗാന്ധി ആശുപത്രിയിൽ നടക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com