ADVERTISEMENT

ന്യൂഡൽഹി ∙ കാരുണ്യം ഇ–റിക്ഷയുടെ രൂപത്തിലാണു രമേശ് ചന്ദ്രന്റെ ജീവിതത്തിലേക്കു വണ്ടിയോടിച്ചെത്തിയത്. അതിനു കരുത്തായത് ഒരുസംഘം മാലാഖമാർ; നഴ്സുമാർ. ഉപജീവന മാർഗമായിരുന്ന ഇ–റിക്ഷ കൊള്ളയടിക്കപ്പെട്ടപ്പോൾ പുതിയതു വാങ്ങി നൽകി സ്നേഹത്തിന്റെ നല്ലപാഠം കാട്ടുകയാണു വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ. ഇതിനു നിമിത്തമായതു ‘മലയാള മനോരമ’ യിൽ വന്ന വാർത്തയും.

അൽപ്പം ഫ്ലാഷ്ബാക്ക്

ശക്കുർപുരിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ രമേശ് ചന്ദ്രൻ 1996ലാണ് ഡൽഹിയിലെത്തിയത്. ഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഒട്ടേറെ ജോലികൾ ചെയ്തു. അവസാനം കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഇ– റക്ഷ വാങ്ങി. വിലയുടെ ഒരു ഭാഗം ആദ്യം നൽകി. ബാക്കി 8000 രൂപ വീതമുള്ള 18 ഗഡുക്കളായി നൽകാമെന്നായിരുന്നു വ്യവസ്ഥ. മഹാവീർ ആശുപത്രിയിലും ശക്കുർപുരിലും ഇ–റിക്ഷ ഓടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് ആ സംഭവമുണ്ടായത്.

മാർച്ച് 9

രാവിലെ 10 മണിയോടെയാണു സവാരിക്കു വണ്ടി തേടി അൻപതു വയസിനു മേൽ പ്രായം തോന്നുന്ന ഒരാൾ എത്തി. 4 കിലോമീറ്റർ അകലെയുള്ള റെയിൽവേ കേന്ദ്രത്തിൽ നിന്നു എസിയുടെ സാമഗ്രികൾ കൊണ്ടുവരാൻ സവാരി വരുന്നോ എന്നു തിരക്കി. ഓരോ ട്രിപ്പിനും 350 രൂപയായിരുന്നു വാഗ്ദാനം. ദിവസം 5 തവണ സവാരി വേണ്ടിവരുമെന്നും അറിയിച്ചു. നല്ല കൂലി വാഗ്ദാനം ലഭിച്ചതിനാൽ സമ്മതം മൂളി. ഇരുവരും കനയ്യ നഗർ മെട്രോ സ്റ്റേഷനു സമീപമെത്തി. ഇതിനിടെ കമ്പനി ജീവനക്കാരനാണെന്നു പറഞ്ഞു മറ്റൊരാൾ കൂടിയെത്തി. അവിടെ അൽപ്പസമയം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ കുടിക്കാൻ ജ്യൂസ് നൽകി. പോക്കറ്റിൽ നിന്നു തൂവാല എടുത്തു കുടഞ്ഞു. പൗഡർ പോലെ എന്തോ തന്റെ മുഖത്തു വീണെന്നു രമേശ് ചന്ദ്രൻ പറയുന്നു. പിന്നാലെ ഉറക്കം വരുന്നതായി തോന്നി. ഇ–റിക്ഷയുടെ താക്കോൽ ഇവർ ഇതിനിടെ ചോദിച്ചെങ്കിലും നൽകാൻ മടിച്ചു. അതോടെ തല്ലി.

പിന്നെ ഒന്നും ഓർമയില്ലെന്നു രമേശിന്റെ വാക്കുകൾ. പിറ്റേന്നു വൈകിട്ടാണു ബോധം തിരിച്ചു കിട്ടുമ്പോൾ ഓടയിൽ വീണു കിടക്കുകയാണ്. ഫോൺ നഷ്ടപ്പെട്ടു. പഴ്സിൽ ഇ–റിക്ഷയുടെ മാസക്കുടിശിക അടയ്ക്കാൻ സൂക്ഷിച്ചിരുന്ന 8000 രൂപയും പാൻ, ആധാർ, എടിഎം കാർഡുകളും വണ്ടിയുടെ രേഖകളുമെല്ലാം നഷ്ടമായി. ഒപ്പം വണ്ടിയും. പൊലീസ് കേസെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല. ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയായി. മകൻ രാഹുൽ 12ലും ഇളയ മകൾ രാധിക 10ലും ഇളയ മകൻ മണികണ്ഠൻ ഒൻപതിലും പഠിക്കുന്നു. ഭാര്യ ലക്ഷ്മിക്ക് ചെറിയ ജോലിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായി ആശ്രയം. ഇ–റിക്ഷയുടെ കടവും ബാക്കി. എന്തു ചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാണു നഴ്സുമാർ മാലാഖമാരുടെ രൂപത്തിലെത്തുന്നത്.

കരുതൽ

രമേശ് ചന്ദ്രനെ കൊള്ളയടിച്ചതു സംബന്ധച്ച മലയാള മനോരമ വാർത്ത കണ്ടതാണ് ജിടിബി ആശുപത്രിയിലെ നഴ്സ് അനിൽ പുതുശേരിയും സുഹൃത്തുക്കളായ ജിനോയും അനുരാജും അദ്ദേഹത്തിന്റെ ശക്കുർപുരിലെ വീട്ടിലെത്തുന്നത്. ഒരു മുറി വീട്ടിൽ 5 കുടുംബാംഗങ്ങൾ കഴിയുന്ന ദയനീയ കാഴ്ച കണ്ട ഇവരുടെ ഹൃദയം നുറുങ്ങി. ചെറിയ സഹായം നൽകുന്നതിൽ കാര്യമില്ലെന്നു തിരിച്ചറിഞ്ഞു. വായ്പ എടുത്താണെങ്കിലും ഒരു ഇ–റിക്ഷ വാങ്ങിനൽകാമെന്നായി പദ്ധതി. മടങ്ങിയെത്തിയ ഇവർ തങ്ങളുടെ ആശുപത്രിയിലെ വാട്സാപ് ഗ്രൂപ്പിൽ രമേശിന്റെ സാഹചര്യങ്ങൾ വിവരിച്ച് സന്ദേശമിട്ടു. ഒരു ദിവസം കൊണ്ടു 30,000 രൂപയോളം സമാഹരിച്ചു.

രാജീവ്ഗാന്ധി, ഇഹ്ബാസ് തുടങ്ങിയ ആശുപത്രികളിലെ സുഹൃത്തുക്കൾക്കും സന്ദേശമയച്ചു. ദിൽഷാദ് ഗാർഡനിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകൻ വിജയൻ ഗ്രാമഭവൻ ഉൾപ്പെടെയുള്ളവരും ഇടപെട്ടു. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന സെന്തിൽ, അലക്സ്, ജിൽസ്, പോളി, മനോജ്, ജാൻസമ്മ, ബിന്ദു എന്നിവരെല്ലാം പിന്തുണയുമായി ഒപ്പം നിന്നു. 6 ദിവസംകൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ സമാഹരിച്ചു. രമേശിനു പുതിയ ഇ–റിക്ഷ വാങ്ങിനൽകാനുള്ള തീരുമാനത്തിലെത്തിയതും അങ്ങനെ. ഈ റിക്ഷയാണ് ഇന്നു വൈകിട്ട് 3നു ജസ്റ്റിസ് കുര്യൻ ജോസഫ് കൈമാറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com