ADVERTISEMENT

നോയിഡ ∙ കോവിഡ് കാലത്തു ജോലി നഷ്ടമായവർ പലരുമുണ്ട്. ദിവസവേതനക്കാരായ ഒട്ടേറെപ്പേരാണു ലോക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായത്. ഭക്ഷണവും അവശ്യവസ്തുക്കളും നൽകി സഹായിക്കുന്നുവെങ്കിലും കുടുംബത്തെ പോറ്റാൻ അതു മാത്രം പോരെന്നതാണു വാസ്തവം. ഇത്തരത്തിൽ പ്രതിസന്ധിയിലായവർക്ക്  ഉപജീവനത്തിനുള്ള വഴി തുറന്നു നൽകുകയാണു മോളി വർഗീസ് എന്ന സന്നദ്ധ പ്രവർത്തകയും ഇവരുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ എന്ന വാട്സാപ് കൂട്ടായ്മയും. ഇതിനോടകം 5 പേർക്കാണു വിവിധ ഉപജീവന മാർഗങ്ങൾ ഇവർ ക്രമീകരിച്ചു നൽകിയത്. തെരുവിൽ കഴിഞ്ഞിരുന്ന ഒരുപറ്റമാളുകളെയാണ് ഇവർ കൈപിടിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരായ  വീൽചെയറിൽ കഴിയുന്ന ഫാത്തിമയ്ക്കും അമിതിനും കച്ചവടം ന‍ടത്താനുള്ള ഉൽപന്നങ്ങളാണു വാങ്ങി നൽകിയത്. ബിസ്കറ്റ്, സാനിറ്റൈസർ, മുഖാവരണം, ചിപ്സ്, കടല എന്നിവയെല്ലാമുണ്ട് ഇക്കൂട്ടത്തിൽ. തെരുവിൽ കഴിയുന്ന ഇവർക്ക് ഇതു വിൽപന നടത്തി സ്വന്തം ജീവിതം നയിക്കുന്നു. അന്ധനായ അമൃത് എന്നയാൾക്ക് ആദ്യം മുട്ടവിൽപന നടത്താനുള്ള സംവിധാനമാണ് ക്രമീകരിച്ചത്. കാലാവസ്ഥ മാറിയ സാഹചര്യത്തിൽ ഇതു പഴക്കടയായി മാറിയിരിക്കുന്നു. ഗോവിന്ദിനു ഒരു ചെറിയ ഉന്തുവണ്ടിയും അതിൽ പക്കോഡ വിൽപന നടത്താനുള്ള സംവിധാനങ്ങളാണു ക്രമീകരിച്ചു നൽകിയത്. സ്റ്റൗ, പാത്രങ്ങൾ എന്നിവയെല്ലാം നൽകിയതോടെ ഇന്നു സ്ഥിരവരുമാനം ഉറപ്പാക്കാൻ സാധിച്ചു.

സാധീർ എന്നയാൾക്കും ഇത്തരത്തിൽ ക്രമീകരണങ്ങൾ ചെയ്തു നൽകി. അയ്യായിരം രൂപ മുതൽ 10,000 രൂപ വരെയുള്ള സഹായങ്ങൾ ഓരോരുത്തർക്കും നൽകുന്നു. ഒരു തവണ ഇതു ക്രമീകരിച്ചു  കഴിഞ്ഞാൽ അതിന്റെ വിൽപനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് അവർക്കു മുന്നോട്ടു പോകാൻ സാധിക്കുമെന്നു മോളി വർഗീസ് വ്യക്തമാക്കി. സന്നദ്ധ പ്രവർത്തകനായ സോനു സുഹൈൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ടെത്തിയവരാണ് ഇവരെല്ലാം. കെയർ ആൻഡ് ഷെയർ വാട്സാപ് കൂട്ടായ്മയിലൂടെയും സുഹൃത്തുക്കളിലൂടെയുമാണു പണം സമാഹരിക്കുന്നതെന്നു മോളി വർഗീസ് പറയുന്നു. പലരും ജന്മദിനാഘോഷത്തിനും മറ്റും ഉപയോഗിക്കാൻ വച്ചിരുന്ന പണമാണു ഇത്തരത്തിൽ കൈമാറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com