ADVERTISEMENT

ന്യൂഡൽഹി ∙ വിനായക ചതുർഥി ആഘോഷങ്ങൾ പൊതുസ്ഥലത്തു നടത്തുന്നതിനു ‍ഡൽഹി ദുരന്ത നിവാരണ സമിതി(ഡിഡിഎംഎ) വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. ജില്ലാ കലക്ടർമാരും  പൊലീസ് ഉദ്യോഗസ്ഥരും  ഇക്കാര്യം ഉറപ്പാക്കണമെന്നും നിയമം കർശനമായി നടപ്പാക്കണമെന്നും  ഡിഡിഎംഎ ഉത്തരവിൽ പറയുന്നു. പൊതുസ്ഥലത്തെ പന്തൽ, ടെന്റ് എന്നിവയെല്ലാം  നിരോധിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ ഗണേശ ചതുർഥി ആഘോഷങ്ങൾക്കു വേണ്ടി പൊതുജനങ്ങൾ ഒത്തുചേരാൻ പാടില്ല. പ്രദിക്ഷണങ്ങൾക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ വീടുകളിൽ മാത്രമായി ആഘോഷങ്ങൾ ചുരുക്കണമെന്നു ഡിഡിഎംഎ ജനങ്ങളോട് അഭ്യർഥിച്ചു. നാളെ മുതൽ 19 വരെയാണു വിനായക ചതുർഥി ആഘോഷങ്ങൾ. കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും ഇനിയൊരു വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച നൽകുന്നത് അപകടം ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഗണേശ ചതുർഥി ആഘോഷ സമിതികൾ, മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെയും  പ്രതിനിധികൾ എന്നിവരോടു ചർച്ച നടത്തണമെന്നു ജില്ലാ കലക്ടർമാർ ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർ എന്നിവർക്കു നിർദേശം നൽകിയിട്ടുണ്ട്.

നിയമനിർവഹണം ഉറപ്പാക്കുന്നതിൽ  ഇവരുടെ പിന്തുണ നേടണമെന്നും മതസൗഹാർദം നിലനിർത്തി തീരുമാനങ്ങൾ സ്വീകരിക്കണമെന്നും  ഡിഡിഎംഎ ജില്ലാ അധികൃതർക്കു നിർദേശം നൽകി. കോവിഡ് വ്യാപനത്തെക്കുറിച്ചും രോഗം പടരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തണമെന്നും  ഉത്തരവിൽ പറയുന്നു. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ  സാമൂഹിക–രാഷ്ട്രീയ–മതപരമായ ഒത്തുചേരലുകൾക്കെല്ലാം  വിലക്കു തുടരുകയാണ്.

അടുത്തിടെ ജന്മാഷ്ടമി ആഘോഷങ്ങൾക്കും  സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കു തുറക്കാമെങ്കിലും വിശ്വാസികൾ  പ്രവേശിക്കുന്നതിനു നിയന്ത്രണമുണ്ട്. അതേസമയം  ഇക്കുറി രാംലീല ആഘോഷങ്ങൾ നടത്തുന്നതിൽ  ഡിഡിഎംഎ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ വർഷം സാധാരണ രീതിയിൽ രാംലീല ആഘോഷങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണു നഗരത്തിലെ 60 രാംലീല ആഘോഷ സമിതികൾ. തങ്ങളുടെ കൈവശമുള്ള ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ ഡിഡിഎ, കോർപറേഷൻ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവർ അനുവാദവും നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com