ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യ സർവീസിലെ 34 വർഷത്തെ പ്രവൃത്തിപരിചയവും ഡൽഹി മലയാളികളുമായുള്ള ബന്ധവും പുതിയ നിയമനത്തിൽ കരുത്തേകുമെന്നു വേണു രാജാമണി. കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയിൽ നിയമിച്ചതിനു പിന്നാലെ ‘മനോരമ’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യ സർവീസിലായിരുന്നെങ്കിലും ഡൽഹി രണ്ടാം വീടുപോലെയായിരുന്നു ഇദ്ദേഹത്തിന്. 1988ൽ റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി കെഡറ്റുകളായി കേരളത്തെ പ്രതിനിധീകരിച്ചവരുടെ സംഘത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.

അന്നു പരേഡിലെ മികച്ച കെഡറ്റായി തിരഞ്ഞെടുക്കപ്പെട്ട വേണു രാജാമണിക്ക് ഇന്തോ–കനേഡിയൻ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പിന്നീടു ജെഎൻയുവിൽ വിദ്യാർഥിയായി. ഐഎഫ്എസിൽ പ്രവേശിച്ച ശേഷം ഡൽഹി രണ്ടാം വീടുപോലെയായി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്ന സമയത്തെല്ലാം ഡൽഹിയിലെ മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അക്കാലത്തെ ബന്ധങ്ങളെല്ലാം ഡൽഹിയിലെ പ്രവർത്തനത്തിൽ കരുത്തേകുമെന്നും അദ്ദേഹം പറയുന്നു.

∙ പുതിയ നിയമനത്തെക്കുറിച്ച്?

കേരളത്തിന്റെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണു പ്രധാന ഉത്തരവാദിത്തം. അതിന് ഏതെല്ലാം വിധത്തിൽ കേരള സർക്കാരിനെ സഹായിക്കാൻ സാധിക്കുമെന്നതാണു നോക്കുന്നത്. കേരള ജനതയെയും സമൂഹത്തെയും ശക്തിപ്പെടുത്താനുള്ള ഇടപെടലുകളുമുണ്ടാകും.. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു വേണ്ടി എന്തു ചെയ്യാൻ സാധിക്കുമെന്നതാണു പ്രധാന ദൗത്യമായി കാണുന്നത്. അതിനു വേണ്ടി പരമാവധി ശ്രമിക്കും. എല്ലാവരുടെയും സഹകരണവുമുണ്ടാകണം.

∙ ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രഫസർ പദവിയിലിരിക്കെയാണു പുതിയ നിയമനം. അധ്യാപനം തുടരുമോ?

വിദ്യാർഥികളോടുള്ള കമ്മിറ്റ്മെന്റ് തുടരേണ്ടതുണ്ട്. നേരത്തെ ഏറ്റെടുത്ത ഉത്തരവാദിത്തമാണ്. അതുകൊണ്ടാണു പാർട് ടൈം അടിസ്ഥാനത്തിൽ ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്. അധ്യാപനം തുടരും. അതിനൊപ്പം ഒരുപാടു ചെയ്യാനുണ്ട്. അതെല്ലാം സാധിക്കുമെന്നാണു പ്രതീക്ഷ. ഒരു വർഷത്തേക്കാണ് ഇപ്പോൾ നിയമനം. അതുകൊണ്ടു ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനായി ഞാൻ പരമാവധി ശ്രമിക്കും. എല്ലാവരുടെയും സഹകരണം ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കും.

∙ ഒരു വ്യത്യസ്ത നിയമനമാണെന്നു കരുതുന്നുണ്ടോ?

ഇതുവരെ ചെയ്ത ജോലികളുമായി താരതമ്യപ്പെടുത്തിയാൽ സാമ്യവുമുണ്ട്, വ്യത്യാസവുമുണ്ട്. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോഴുമുള്ളത്. അതാണ് പ്രധാന സാമ്യം. ഇതുവരെ കേന്ദ്രസർക്കാരിനു വേണ്ടി ചെയ്തിരുന്നതു ഇനി കേരള സർക്കാരിനു വേണ്ടി ചെയ്യുന്നു എന്നതാണു വ്യത്യാസം. അതേസമയം വിദേശകാര്യ മന്ത്രാലയവുമായുള്ള ബന്ധം, വിവിധ എംബസികളുമായുള്ള ബന്ധം വിദേശരാജ്യങ്ങളുമായുള്ള ഇടപെടൽ ഇതെല്ലാം ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന 34 വർഷം ചെയ്തിരുന്ന കാര്യങ്ങളാണ്. കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം, വിദേശത്തുള്ള കേരളീയരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ...നിലവിലുള്ള സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ കൂടുതൽ ‘ഫോക്കസ്ഡ്’ ആയി ചെയ്യാനാകും ഇനി ശ്രമം.

∙ ഡൽഹിയിലെ മലയാളി കൂട്ടായ്മകൾക്കു വേണ്ടിയും ഇടപെടൽ ഉണ്ടാകില്ലേ?. നോർക്കയുടെയും മറ്റും പ്രവർത്തനങ്ങൾ ഡൽഹി മലയാളികൾക്കിടയിൽ ശക്തിപ്പെടുത്താൻ ശ്രമമുണ്ടാകുമോ?

തീർച്ചയായും. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാൻ ശ്രമിക്കും. ഞാനുമൊരു ഡൽഹി മലയാളിയാണല്ലോ. അതിന്റെ ഭാഗമായി മാത്രമേ സ്വയം കാണുന്നുള്ളൂ. തീർച്ചയായും ഡൽഹിയിൽ ഇത്രയും കാലം ജീവിക്കുകയും ഡൽഹി മലയാളികളുടെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രധാന സംഘടനകളുമായെല്ലാം അടുത്ത ബന്ധമുണ്ട്. അവർക്ക് എന്തെല്ലാം സഹായം വേണോ അതിനുള്ള ശ്രമമുണ്ടാകും.. ഒപ്പം കേരള സർക്കാരിന് ഇവരെ ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതും കണ്ടെത്തും. ഒരു കൂട്ടായ ഇടപെടലാണു ലക്ഷ്യം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com