ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ വൻകിട നഗരങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടന്നത് ഡൽഹിയിലെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളുടെ പട്ടികയിലാണ് കൊലപാതകം, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ, തട്ടിക്കൊണ്ടു പോകൽ എന്നിവയിലെല്ലാം മുന്നിലെത്തി ഡൽഹി കുപ്രസിദ്ധി നേടിയത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ യുപിയാണ് കുറ്റകൃത്യങ്ങളിൽ മുന്നിൽ. 

കഴിഞ്ഞ വർഷം ഡൽഹിയിൽ 461 കൊലപാതക കേസുകൾ റജിസ്റ്റർ ചെയ്തു. കൊച്ചിയിൽ 9. നഗരങ്ങളിൽ ഏറ്റവും കുറവ് കോഴിക്കോട്ടാണ് – 5. കേരളത്തിലെ ആകെ കൊലപാതക കേസുകൾ 306. കേസുകളിൽ യുപിയാണു മുന്നിൽ – 3779.കഴിഞ്ഞ വർഷം കേരളത്തിൽ 307 തട്ടിക്കൊണ്ടു പോകൽ കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 203 പേർ കുട്ടികളാണ്. യുപിയിൽ 12,913. നഗരങ്ങളിൽ ഡൽഹിയിൽ 4011 കേസുകളാണുള്ളത്. കൊച്ചിയിൽ 15; കോഴിക്കോട്ട് 12. 

കേരളത്തിൽ ഡ്യൂട്ടിക്കിടെ 176 പൊലീസുകാർക്കു പരുക്കേറ്റു. ഡ്യൂട്ടിക്കിടെ ഏറ്റവുമധികം പൊലീസുകാർ മരിച്ചത് തമിഴ്നാട്ടിലാണ് – 60. ഇതിൽ കൂടുതലും വാഹനാപകടങ്ങളിലാണ്. മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ഛത്തീസ്ഗഡിൽ 55 സുരക്ഷാ സേനാംഗങ്ങളും ഭീകരരുടെ ആക്രമണത്തിൽ കശ്മീരിൽ 36 സേനാംഗങ്ങളും വീരമൃത്യു വരിച്ചു. 

സ്ത്രീകൾക്കെതിരെ അതിക്രമം: കേരളത്തിൽ 10,139 കേസുകൾ 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ 10,139 കേസുകളെടുത്തു. 11,295 പേരെ അറസ്റ്റ് ചെയ്തു. 2019 ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത 11,462 കേസുകളിൽ 5732 എണ്ണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ഡൽഹിയിൽ 9782 കേസുകളാണെടുത്തത്. കൊച്ചിയിൽ 403, കോഴിക്കോട്ട് 394. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കേരളത്തിൽ 3941 കേസുകൾ റജിസ്റ്റർ ചെയ്തു. 2019 ലെ 4754 കേസുകളിൽ 3205 എണ്ണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ഏറ്റവുമധികം കേസുകൾ മധ്യപ്രദേശിലാണ്– 17,008. ഡൽഹിയിൽ 5256 കേസുകളാണുള്ളത്. കൊച്ചിയിൽ 126; കോഴിക്കോട്ട് 137. കേരളത്തിൽ കഴിഞ്ഞ വർഷം 426 സൈബർ കേസുകൾ റജിസ്റ്റർ ചെയ്തു.

സൈബർ കുറ്റങ്ങൾ കുറവ്; ഡൽഹിക്ക് ആശ്വസിക്കാം

ന്യൂഡൽഹി ∙ രാജ്യത്തെ 4 പ്രധാന മെട്രോ നഗരങ്ങളിൽ ഏറ്റവും കുറച്ച് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ ആശ്വാസം ഡൽഹിക്ക്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2020ലെ കണക്കുകൾ ഇതു വ്യക്തമാക്കുന്നു. അതേസമയം 2019ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 107 കേസുകൾ അധികമാണു കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. 

‍ഡൽഹിയിൽ കഴിഞ്ഞ വർഷം 166 സൈബർ കുറ്റകൃത്യങ്ങളാണു റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 2433 കേസുകളും ചെന്നൈയിൽ 186 കേസുകളും കൊൽക്കത്തയിൽ 172 കേസുകളുമാണു റിപ്പോർട്ട് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തതു ബെംഗളുരുവിലാണ്– 8892 കേസുകൾ. 

ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത 166 സൈബർ കേസുകളിൽ 12 എണ്ണം സ്ത്രീകളെയും കുട്ടികളെയും  സൈബർ ഇടങ്ങളിൽ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ്. 

2 ഒടിപി തട്ടിപ്പ് കേസുകളും 19 ഓൺലൈൻ ബാങ്കിങ് തട്ടിപ്പു കേസുകളും റജിസ്റ്റർ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com