ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപന സമയത്ത് ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണം കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് ഡൽഹി സർക്കാർ രംഗത്തെത്തി. സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിക്ക് ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്. ലഫ്. ഗവർണർ അനിൽ ബൈജലിനെ ഉപയോഗിച്ചാണ് അന്വേഷണ നീക്കം കേന്ദ്രസർക്കാർ അട്ടിമറിച്ചതെന്നും മന്ത്രി ആരോപിച്ചു.

ഓക്സിജൻ ക്ഷാമം മൂലം മരണം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരും ഇക്കാര്യം അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്ന് ഡൽഹി സർക്കാരും നിലപാടു കടുപ്പിച്ചതോടെ വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. ഹൈക്കോടതിയുടെ അനുകൂല നിലപാട് കേന്ദ്രത്തിനെതിരെയുള്ള ഡൽഹി സർക്കാരിന്റെ നീക്കങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപന സമയത്ത് ഓക്സിജൻ ക്ഷാമം മൂലം മരണം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുമാണു കഴിഞ്ഞ ജൂണിൽ ഡൽഹി സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.

മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ള നാലംഗ സമിതിക്കാണ് സർക്കാർ രൂപംനൽകിയത്. എന്നാൽ ഇതുസംബന്ധിച്ച ഫയലിന് അംഗീകാരം നൽകാൻ ലഫ്. ഗവർണർ തയാറായില്ലെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ രാഷ്ട്രീയം കളിച്ചതായും സത്യേന്ദർ ജെയിൻ ആരോപിച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ ഉന്നതാധികാര സമിതി ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. ഓക്സിജൻ ക്ഷാമം മൂലം ഡൽഹിയിൽ മരണം സംഭവിച്ചതായി സമിതി കണ്ടെത്തിയാൽ കേന്ദ്ര സർക്കാരും എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com