ADVERTISEMENT

ന്യൂഡൽഹി ∙ രോഹിണി സെക്ടർ 26 ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണം  26നു നടക്കും.  ഡൽഹി എസ്എൻഡിപി  യൂണിയനു കീഴിലെ  പ്രവർത്തകരുടെ ദീർഘനാളത്തെ  സ്വപ്നമാണ് ഒടുവിൽ സഫലമാകുന്നത്. യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ കാര്യാലയം, വനിതാ സംഘം ഓഫിസ്,  കോൺഫറൻസ് ഹാൾ  തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ 3 നില കെട്ടിടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 

2002ൽ  പ്രവർത്തനമാരംഭിച്ച്, 2003ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത എസ്എൻഡിപി  ഡൽഹി യൂണിയനു സ്വന്തമായി സ്ഥലം എന്ന സ്വപ്നം സഫലമാകുന്നതു 2010ലാണ്. രോഹിണിയിൽ വാങ്ങിയ  സ്ഥലത്തു  2011ലാണു സമുച്ചയ നിർമാണം ആരംഭിക്കുന്നത്. 2015 മാർച്ചിൽ താഴത്തെ നിലയിൽ  ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയായതോടെ  ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി.  ഭാഗികമായി പൂർത്തിയായ സമുച്ചയം അന്ന് ഉദ്ഘാടനം ചെയ്തത്  എസ്എൻഡിപി  യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. 

2017ൽ  സമുച്ചയത്തിന്റെ നവീകരണത്തിനും  പൂർത്തീകരണത്തിനുമുള്ള പദ്ധതികൾ തയാറാക്കി.  എന്നാൽ ഇടയ്ക്കു കോവിഡ് വ്യാപനമെത്തിയതോടെ  ജോലികൾ തടസ്സപ്പെട്ടു.  അവസാന ഘട്ടമായ രണ്ടാം നിലയുടെ നിർമാണം 2021 ഡിസംബർ 26നാണ് ആരംഭിച്ചത്.  ക്ഷേത്രത്തിന്റെ താഴികക്കുടം സമർപ്പണം  മാർച്ച് 26നു പ്രതിഷ്ഠാ ഉത്സവത്തോട് അനുബന്ധിച്ച് തന്ത്രി നാരായണ പ്രസാദിന്റെ കാർമികത്വത്തിലാണു നടന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും  യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്കും  ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണത്തിനും ജനങ്ങൾ ഏറെ പിന്തുണ നൽകിയെന്നു  യൂണിയൻ ഭാരവാഹികൾ പറ‍യുന്നു. 

26നു രാവിലെ 10നു നടക്കുന്ന ചടങ്ങുകൾ യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. അനിൽ ഉദ്ഘാടനം ചെയ്യും.  കെ.ആർ. മനോജ് മുഖ്യാതിഥിയായിരിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം  യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ. അനിൽകുമാറും ശോഭ അനിലും ചേർന്നു നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഓഫിസ് ടി.കെ. കുട്ടപ്പൻ, എൻ. സുരേന്ദ്രൻ എന്നിവർ ചേർന്നും സെക്രട്ടറി ഓഫിസ് കെ.പി. പ്രകാശ്, ഓമനക്കുട്ടൻ, എസ്. സുഭാഷ് എന്നിവർ ചേർന്നും ഉദ്ഘാടനം ചെയ്യും.  അതിഥികൾക്കുള്ള മുറി  സി.ഡി. സുനിൽ കുമാർ, പി.വി. ബാഹുലേയൻ, രജപുത്രൻ പി. സജീവ്, വനിതാ സംഘം ഓഫിസ് സുധ ലച്ചു, ഓമന സുരേന്ദ്രൻ, ജ്യോതി ബാഹുലേയൻ എന്നിവരും ചേർന്ന് ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com