ADVERTISEMENT

കലയിൽ വൈവിധ്യം നിറഞ്ഞതാണു നമ്മുടെ രാജ്യം. ഓരോ സംസ്ഥാനങ്ങൾക്കും  നൃത്ത–സംഗീത വൈഭവം ഏറെ പങ്കുവയ്ക്കാനുണ്ട്.  രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു നമ്മുടെ കലാമികവ്.  മോഹിനിയാട്ടവും  കഥകളിയും കൂത്തും  ഹിന്ദുസ്ഥാനി സംഗീതവുമെല്ലാം കാലവും  രാജ്യവും കടന്നു സഞ്ചരിക്കുന്നു. കലയുടെ വഴിയിൽ എവിടെയാണ് നമ്മൾ. എന്താണു ഭാവി. നൃത്തലോകത്തെ തിളക്കമായ, സെന്റർ ഫോർ മോഹിനിയാട്ടത്തിന്റെ സ്ഥാപകയായ ഭാരതി ശിവജി തന്റെ ചിന്തകൾ പങ്കുവയ്ക്കുകയാണ്.  മോഹിനിയാട്ടത്തിന്റെ ബ്രാൻഡ് അംബാസഡറായി  ലോകം മുഴുവൻ യാത്ര ചെയ്തിട്ടുള്ള  ഈ പ്രശസ്ത നർത്തകി സംസാരിക്കുന്നു. 

ഭാരതി ശിവജി

∙ കലയുടെയും നൃത്തത്തിന്റെയും വഴിയിൽ നമ്മുടെ രാജ്യം എത്രത്തോളം വളർന്നിട്ടുണ്ട്? 

സ്വാതന്ത്ര്യത്തിനു ശേഷം  നമ്മുടെ കലയും  അതിന്റെ മൂല്യങ്ങളുമെല്ലാം  കൂടുതൽ ഉയരത്തിലെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപു തന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പലതും ശരിയായ ദിശയിൽ ആയിരുന്നില്ല. വള്ളത്തോളും  രുക്മിണി ദേവിയുമെല്ലാം  നടത്തിയ ശ്രമങ്ങൾ വിസ്മരിക്കാനാവില്ല. അതേസമയം ഇതെല്ലാം വ്യക്തിപരമായ പരിശ്രമങ്ങളായിരുന്നു.  

നമ്മുടെ നാടോടി പാരമ്പര്യ  കലാരൂപങ്ങളെല്ലാം എത്രത്തോളം  മെച്ചപ്പെട്ടു. പുതിയ തലത്തിലേക്ക് ഉയർന്നു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത കമലാദേവി ചതോപാധ്യായയുടെ ശ്രമങ്ങളൊക്കെ നമ്മൾ ഓർമിക്കേണ്ടതുണ്ട്. കലാരൂപങ്ങൾ, അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഭാഗം എന്നിവരുടെയെല്ലാം  നവീകരണത്തിനു അവർ ഏറെ ശ്രമം നടത്തി. ഇതെല്ലാം രാജ്യത്തെ നൃത്ത–സംഗീത രംഗത്തിനു പുതിയ ദിശാബോധം നൽകിയിട്ടുണ്ട്. 

∙ സംഗീത നാടക അക്കാദമിയുടെ ശ്രമങ്ങൾ എത്രത്തോളം സഹായിച്ചിട്ടുണ്ട്. 

സ്വാതന്ത്ര്യത്തിനു ശേഷം  സംഗീത–നാടക അക്കാദമി രൂപീകരിച്ചതെല്ലാം പല രീതിയിൽ  സഹായിച്ചിട്ടുണ്ട്. പല മാറ്റങ്ങളും പ്രകടമായിരുന്നു. നാടോടി–ആദിവാസി പാരമ്പര്യത്തിലുള്ള കലാരൂപങ്ങളുടെയെല്ലാം  നവോത്ഥാനത്തിനു ഇതെല്ലാം സഹായിച്ചിട്ടുണ്ട്. അതു നമ്മുടെ വലിയൊരു പൾസാണ്. നൃത്ത പാരമ്പര്യത്തിൽ  ഒരു അവബോധം  സമൂഹത്തിൽ സൃഷ്ടിച്ചെടുത്താൻ സഹായിച്ചു.  പല ഗുരുക്കൻമാരും ഇതിനു കരുത്തേകി.  ആദ്യമൊന്നും ആരുടെയും പിന്തുണയുണ്ടായിരുന്നില്ലെന്ന് ഓർക്കണം. കമലാദേവിയും വള്ളത്തോളുമെല്ലാം ഒറ്റയ്ക്കാണ് പല ദൗത്യങ്ങളും ഏറ്റെടുത്തത്. 

∙ സർക്കാർ ശ്രമങ്ങൾ കലയുടെ വളർച്ചയെ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ട്? 

സർക്കാർ സംവിധാനങ്ങൾക്ക് അവരുടേതായ രീതിയുണ്ട്. ചിട്ടയുണ്ട്. പല പദ്ധതികളും  കലയുടെ അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്. അതു കലയിൽ മാത്രമല്ല. മണ്ണ്, പാരമ്പര്യം,  ചിത്രരചന തുടങ്ങി പല മേഖലകളിലും കാണാം.  എന്നാൽ എത്രത്തോളമാണു സർക്കാർ ചെയ്യുന്നത് എന്നു പുറത്ത് അറിയുന്നില്ല. 

∙ വിദേശരാജ്യങ്ങളിൽ നമ്മുടെ കലാരൂപങ്ങൾക്ക് വലിയ സ്വീകാര്യതയില്ലേ?

നമ്മുടെ കലയെ അവർ അംഗീകരിക്കുന്നുണ്ട്, പ്രത്യേകിച്ച് യൂറോപ്പിൽ. ഫ്രാൻസിൽ തന്നെ എത്രയോ തവണ ഞങ്ങൾ വർക് ഷോപ്പുകളും മറ്റും ക്രമീകരിച്ചു. ഐസിസിആർ വഴി ഇപ്പോഴും  മോഹിനിയാട്ടം പഠിക്കാൻ  ജർമനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു  കുട്ടികൾ  സെന്റർ ഫോർ മോഹിനിയാട്ടത്തിൽ എത്തുന്നുണ്ട്.  

∙ യുവാക്കൾക്ക്  കലയിൽ  ഒരു സജീവ താൽപര്യം ഇപ്പോഴുണ്ടോ? 

കാലം അതാവശ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. അതിന് കാഴ്ചക്കാരെ ആദ്യം അറിയണം.  കലയെയും. ക്ലാസിക്കൽ കലകളോടു പഴയ തലമുറയ്ക്ക് വല്ലാത്തൊരു  പ്രതിബന്ധതയുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയിൽ അതു കാണാൻ സാധിക്കുന്നുണ്ടോയെന്നു സംശയം. ട്രെൻഡിൽ മാറ്റമുണ്ടാകുന്നു.  കലാകാരൻമാരോടുള്ള മനോഭാവത്തിലും  മാറ്റം വരണം. കാണികളുമായുള്ള ആശയവിനിമയം  വളരെ പ്രധാനപ്പെട്ടതാണ്. സമകാലീന ആശയങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്. രാജ്യാന്തര തലത്തിലുള്ള ചിന്തയും ചർച്ചയുമെല്ലാം ഇപ്പോൾ കാണാം. അതിനൊപ്പം പരമ്പരാഗത രീതി കൂടി അറിഞ്ഞിരിക്കണമെന്നു മാത്രം. 

കഥകളിയിൽ സദനം ബാലകൃഷ്ണൻ ആശാൻ എത്രത്തോളം വൈവിധ്യം കൊണ്ടുവന്നു. അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റിയ ക്രിയാത്മക മനസ്സുകളാണ് ഇവിടെ വേണ്ടത്. ‘സ്വാൻ ലേക്ക്’ മോഹിനിയാട്ടം രൂപത്തിലാക്കി അവതരിപ്പിച്ചപ്പോൾ വലിയ സ്വീകരണമാണു ലഭിച്ചത്.  റഷ്യയിലും യൂറോപ്പിലുമെല്ലാം ഏറെ വേദിയിൽ അതെത്തി. അതിലൂടെ  നമ്മുടെ മോഹിനിയാട്ടം പുതിയ തലത്തിലേക്ക് ഉയരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com