ADVERTISEMENT

ന്യൂഡൽഹി ∙ മാലിന്യ സംസ്കരണത്തിനുള്ള കരാർ നൽകിയതിൽ  അഴിമതിയെന്ന്  ആംആദ്മി പാർട്ടി ആരോപണം. മാലിന്യ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള കരാർ  ഉയർന്ന തുകയ്ക്കു നൽകിയെന്നും ഇതിൽ 84 കോടി രൂപയുടെ അഴിമതിയുണ്ടെന്നുമാണ് ആരോപണം.  സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോര്  മൂർഛിച്ചിരിക്കെയാണു  കോർപറേഷനെതിരെ  ആരോപണവുമായി  ആംആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്. 

ബിജെപി ഭരിച്ചിരുന്ന കോർപറേഷൻ  കൗൺസിൽ  മെട്രിക് ടണ്ണിനു  3250 രൂപയ്ക്കാണു കരാർ നൽകിയതെന്നു എഎപി നേതാവ്  വികാസ് ഗോയൽ ആരോപിച്ചു.  മെട്രിക് ടണ്ണിനു 400 രൂപയ്ക്കു കരാർ നൽകാൻ സാധിക്കുമായിരിക്കെയാണ് ഇതെന്നും കോർപറേഷൻ  2850 രൂപ അധികമായി കരാറിൽ നൽകിയെന്നും ഇതിൽ കടുത്ത അഴിമതിയെന്നും  അദ്ദേഹം പറഞ്ഞു. പഴയ ഈസ്റ്റ് ഡൽഹി കോർപറേഷൻ  മുൻ അംഗം  മനോജ് ത്യാഗിയും ആരോപണവുമായി രംഗത്തെത്തി. 

അതേസമയം അഴിമതി ആരോപണങ്ങൾ ഡൽഹി മുനിസിപ്പൽ കോർപറേഷൻ(എംസിഡി) അധികൃതർ തള്ളി.  2020 ഫെബ്രുവരിയിൽ നൽകിയ കരാറാണു  3250 രൂപയ്ക്കു നൽകിയതെന്നും  ഏറ്റവും പുതിയ കരാറാണു  400 രൂപയ്ക്കാണു നൽകിയതെന്നും  അധികൃതർ  വിശദീകരിച്ചു. ടെൻഡർ നടപടികൾ സുതാര്യമാണ്. മാലിന്യമലയിലെ മാലിന്യത്തിന്റെ സംസ്കരണം നിരക്കു വർധന കാരണം വൈകിപ്പിക്കാൻ സാധിക്കില്ല. 2020ൽ  ലഭിച്ച ഏറ്റവും കുറഞ്ഞ കരാർ തുകയായിരുന്നു 3250 രൂപയുടേത്.  കോവിഡ് സമയത്താണ്  ഈ ടെൻഡർ നടപടികൾ പൂർത്തിയായത്. 3 മാസം മാത്രമായിരുന്നു ഈ കരാറെന്നും  അധികൃതർ  പറഞ്ഞു. 2020 മേയിൽ പുതുക്കി നൽകിയ കരാർ   മെട്രിക് ടണ്ണിനു 1807.74 രൂപയ്ക്കാണു നൽകിയതെന്നും  അധികൃതർ വിശദീകരിച്ചു.  

ഈ നിരക്കു കുറയ്ക്കാനുള്ള പല മാർഗങ്ങളും കോർപറേഷൻ സ്വീകരിക്കുന്നുണ്ടെന്നും  2021 ഡിസംബറിൽ നൽകിയ കരാർ 1746 രൂപയ്ക്കാണെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ആശുപത്രി, സ്കൂൾ നവീകരണ പദ്ധതികളുമായി ബന്ധപ്പെട്ടെല്ലാം  അഴിമതി ആരോപണങ്ങൾ ഉയരുകയും  ലഫ്. ഗവർണർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണു  കോർപറേഷനെതിരെ  ആരോപണവുമായി  സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com