ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിന്റെ മെഗാ രക്തദാന പദ്ധതിക്കു തുടക്കമായി. സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ്ങിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തു. വർഷത്തിൽ 2 തവണ രക്തദാനം ചെയ്യുമെന്നു എല്ലാ നഗരവാസികളും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
‘രക്തദാനം ചെയ്യാൻ എനിക്കേറെ ആഗ്രഹമുണ്ട്. എന്നാൽ പ്രമേഹ ബാധിതനായതിനാൽ അതിനു സാധിക്കുന്നില്ല’ മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മൗലാന ആസാദ് മെഡിക്കൽ കോളജിലെത്തി രക്തദാനം നടത്തി. നഗരത്തിലാകമാനം 70 കേന്ദ്രങ്ങൾ രക്തദാനം നടത്താൻ വേണ്ടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.