ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തേക്കുള്ള സർവീസിനു പഴയ ബസുകൾ ഉപയോഗിക്കരുതെന്ന് അയൽ സംസ്ഥാനങ്ങൾക്ക് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശം നൽകി.ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം. പുക നിയന്ത്രണ സർട്ടിഫിക്കറ്റ് ലഭിച്ച ബസുകൾ മാത്രമേ ഡൽഹിയിലേക്കുള്ള സർവീസിന് ഉപയോഗിക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ടു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഡൽഹിയിലേക്ക് അയയ്ക്കരുതെന്നാണ് നിർദേശം.സുപ്രീംകോടതി ഉത്തരവു പ്രകാരം 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹിയിൽ നിരോധനമുണ്ട്.                     

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നത്. അതിനാൽ തന്നെ, വായു മലിനീകരണം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ഇക്കുറി നേരത്തേ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ബസ് ടെർമിനൽ പ്രവർത്തിക്കുന്ന ആനന്ദ് വിഹാർ വായു മലിനീകരണം രൂക്ഷമായ പ്രദേശമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബസുകൾക്ക് പുക നിയന്ത്രണ സർട്ടിഫിക്കറ്റുണ്ടോയെന്നു പരിശോധിക്കാൻ പ്രത്യേക സംഘത്തെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിയോഗിച്ചതായും ഗതാഗത വകുപ്പ് വ്യക്തമാക്കി.

ഗൗതംബുദ്ധ് നഗർ: കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പിടിവീഴും

നോയിഡ ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയാൻ ഗൗതംബുദ്ധ് നഗർ ജില്ലാ അധികൃതർ നടപടി തുടങ്ങി. ഡൽഹി- എൻസിആറിൽ 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്കും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ 2018ലെ സുപ്രീം കോടതി ഉത്തരവ് കർശനമായി നടപ്പാക്കാനാണ് തീരുമാനം. ഗൗതംബുദ്ധ് നഗറിൽ റജിസ്റ്റർ ചെയ്ത ഏകദേശം 1.25 ലക്ഷം വാഹനങ്ങളുടെ കാലാവധി കഴിഞ്ഞതായി അധികൃതർ സൂചിപ്പിച്ചു.

ഇത്തരം വാഹനങ്ങളുടെ ഉടമകളെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. വാഹനം പൊളിച്ചു നീക്കുകയോ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള എൻഒസി വാങ്ങുകയോ വേണമെന്നാണ് ഉടമകൾക്കു നൽകുന്ന നിർദേശം. എന്നാൽ 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്ക് എൻഒസി നൽകില്ല. കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ട്രാഫിക് പൊലീസ് പിഴ ചുമത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com