ന്യൂഡൽഹി∙ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വിജയ് ചൗക്കിൽ ഇന്നു വൈകിട്ടു നടക്കും. ഇതോടനുബന്ധിച്ച് വിജയ് ചൗക്കിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.30വരെ ഗതാഗത നിയന്ത്രണങ്ങൾ തുടരും. വിജയ് ചൗക്കിൽ ഈ സമയങ്ങളിൽ പൂർണമായി ഗതാഗതം നിരോധിച്ചു. റഫി മാർഗിൽ സുനേരി മസ്ജിദിനും കൃഷിഭവനും മധ്യേ ഗതാഗതം അനുവദിക്കില്ല.
കർത്തവ്യപഥിൽ വിജയ് ചൗക്കിനും സി– ഹെക്സഗനും മധ്യേ ഗതാഗതം നിയന്ത്രിക്കും. യാത്രയ്ക്ക് മറ്റു വഴികൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് അഭ്യർഥിച്ചു. ഗതാഗത നിയന്ത്രണമില്ലാത്ത റിങ് റോഡ്, റിഡ്ജ് റോഡ്, അരബിന്ദോ മാർഗ്, മദ്രസ ടി പോയിന്റ്, ലോധി റോഡ്, എസ്ബി മാർഗ്, സഫ്ദർജങ് റോഡ്, റാണി ഝാൻസി റോഡ്, മിന്റോ റോഡ് ഉൾപ്പെടെയുള്ളവ യാത്രയ്ക്ക് ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറഞ്ഞു. മെട്രോ സർവീസും പ്രയോജനപ്പെടുത്തണം.
ഉച്ചയ്ക്ക് 2.30 മുതൽ ബസ്സുകൾ വഴിതിരിച്ചുവിടും. ക്ഷണിതാക്കൾക്കും സന്ദർശകർക്കും ചടങ്ങിൽ സുഗമമായി പങ്കെടുക്കാനാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വിജയ് ചൗക്കിലെ വൈദ്യുതാലങ്കാരങ്ങൾ കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് റഫി മാർഗിനും സി– ഹെക്സഗനും മധ്യേ രാത്രി 8നു ശേഷം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.