ADVERTISEMENT

ന്യൂഡൽഹി ∙ എഫ്ഐആർ നമ്പർ 68: 1948 ജനുവരി 30, സമയം: വൈകുന്നേരം 5.45. കൊല്ലപ്പെട്ടതു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. ഡൽഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലാണ് ഈ ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഭവം നടന്ന് 75 വർഷം പിന്നിടുമ്പോൾ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനും ചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.

ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്‌ഐആർ ഉറുദുവിലാണ്. മരണത്തിനു ദൃക്‌സാക്ഷിയായിരുന്ന നന്ദ ലാൽ മേഹ്‌തയുടെ മൊഴിയാണു രേഖപ്പെടുത്തിയത്.കൊണാട്ട് സർക്കസിൽ (ഇന്നത്തെ കൊണാട്ട് പ്ലേസ്) എം ബ്ലോക്കിൽ ലാലാ സർജു പ്രസാദ് ബിൽഡിങ്ങിൽ നിതിൻ ലാൽ മേഹ്തയുടെ മകൻ നന്ദ ലാൽ മേഹ്തയുടെ മൊഴി അനുസരിച്ച് സംഭവം നടന്നതു 5.10നാണ്. ബിർല ഹൗസിൽ നടന്ന സംഭവത്തിൽ അദ്ദേഹത്തിന്റെ ദൃക്സാക്ഷി വിവരണം എഫ്ഐആറിൽ വിവരിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അടക്കം ഒട്ടേറെ വിവിഐപികൾ താമസിക്കുന്ന മേഖല തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ഈ സ്‌റ്റേഷനിലെ ജോലി അതീവ ഗൗരവമേറിയതും. ഇന്ദിരാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട എഫ്ഐആറും ഇവിടെയാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ സ്റ്റേഷനിൽ ഇല്ല. ഇതു മഹാത്മാഗാന്ധി സ്മാരകത്തിലേക്കും ഡൽഹി പൊലീസ് മ്യൂസിയത്തിലേക്കും മാറ്റിയിരിക്കുകയാണ്.

പൊലീസ് സ്റ്റേഷൻ നിലനിൽക്കുന്ന ഒറ്റ നിലയുള്ള വെള്ളനിറത്തിലുള്ള കെട്ടിടം 1931ലാണു നിർമിച്ചത്. ഇവിടെ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതു 1941ലും. സ്റ്റേഷനിൽ ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ ബ്രിഗേഡിയർ എഫ്‍.എസ്.തുകാർ നൽകിയ പരാതിയിലാണ്. തന്റെ വീട്ടിൽ നിന്നു 40 രൂപ കളവു പോയെന്നുള്ളതായിരുന്നു ആദ്യ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com