കരുതലും ജാഗ്രതയും, കോവിഡ് കേസുകൾ 150 കടന്നു; ഇന്ന് മോക്ഡ്രിൽ

SHARE

ന്യൂഡൽഹി∙ കോവിഡ് കേസുകളിൽ വർധനയുണ്ടാവുന്ന സാഹചര്യത്തിൽ പ്രതിരോധ– ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനു നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ഇന്നു മോക്ഡ്രിൽ നടക്കും. നഗരത്തിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 150നു മുകളിലേക്ക് ഉയർന്നതോടെ ആരോഗ്യവകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. കഴിഞ്ഞ 21നു ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയോളം വർധിച്ചു.  ശ്വാസകോശത്തിൽ അണുബാധ സൃഷ്ടിക്കാവുന്ന ഇൻഫ്ലൂവൻസ ബാധിച്ചവരുടെ എണ്ണവും കൂടി. 

ഏതു സാഹചര്യവും നേരിടുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സൂപ്രണ്ടുമാർ, മെഡിക്കൽ ഡയറക്ടർമാർ, ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർമാർ എന്നിവർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. 

മോക് ഡ്രിൽ ഇന്നു രാവിലെ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാണോയെന്നു പരിശോധിക്കും. ഓക്സിജൻ ലഭ്യത, കിടക്കകളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഇതിന്റെ റിപ്പോർട്ട് നാളെ രാവിലെ നൽകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. 

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്.  മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത് ഉൾപ്പെടെയുള്ള കാരണങ്ങൾ കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കുക, ബൂസ്റ്റർ ഡോസ് കുത്തിവയ്പ്പെടുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും വിദഗ്ധർ നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA