ADVERTISEMENT

ഡൽഹിയിൽ നഴ്സിങ്ങിനു പഠിക്കവെ അവധിക്കാലത്ത് സഹപാഠികളോടൊപ്പം കേരളത്തിലേക്കു നടത്തിയിരുന്ന ട്രെയിൻ യാത്രകളാണ് ജൂലി ഷാജുവിന്റെ മനസ്സു നിറയെ. കൂട്ടമായി ടിക്കറ്റെടുത്തു തൊട്ടടുത്തുള്ള രണ്ടു ബോഗികൾ നിറയെ സഹപാഠികളുമായി നടത്തിയ യാത്രകളുടെ ത്രിൽ വർഷങ്ങൾക്കു ശേഷവും ഓർമയിൽ തങ്ങിനിൽക്കുന്നു.

പ്രീഡിഗ്രിക്കു ശേഷം 1992ലാണ് ബത്ര ആശുപത്രിക്കു കീഴിലുള്ള നഴ്സിങ് കോളജിൽ ചേരുന്നത്. ഗംഗാറാം ആശുപത്രിയിൽ നഴ്സായിരുന്ന സഹോദരിയോടൊപ്പം താമസിച്ചായിരുന്നു പഠനം.മാതാപിതാക്കളെ വിട്ടുനിൽക്കുന്നതിന്റെ വിഷമമായിരുന്നു ഡൽഹിയിലെത്തിയപ്പോൾ ഏറെ അലട്ടിയതെന്നു ജൂലി പറയുന്നു. സഹോദരിയുടെ സാന്നിധ്യമാണ് ആശ്വാസം പകർന്നത്.

നഴ്സിങ് പഠനത്തിനു ശേഷം ബത്ര ആശുപത്രിയിൽ 2 വർഷത്തോളം ജോലി ചെയ്തു. തുടർന്ന് സൗദിയിലും കേരളത്തിലും ജോലി ചെയ്ത ശേഷം 2006ൽ ഡൽഹി കഠ‍്‍വാരിയ സരായ് റോക്ക് ലാൻഡ് ആശുപത്രിയിൽ ജോലിക്കു ചേർന്നു. മലയാളികളായ വിപിഎസ് ഗ്രൂപ്പ് ഈ ആശുപത്രി ഏറ്റെടുത്ത് മെഡിയോർ ഹോസ്പിറ്റൽ എന്നു പേരുമാറ്റി. ഇവിടെ നഴ്സിങ് സൂപ്രണ്ടാണ് ജൂലി ഷാജു. ദ്വാരകയിലും മനേസറിലും മെഡിയോർ ഹോസ്പിറ്റലിനു ശാഖകളുണ്ട്. കഠ‍്‍വാരിയ സരായ്, ദ്വാരക ആശുപത്രികളിലെ നഴ്സിങ് സൂപ്രണ്ടിന്റെ ചുമതല ജൂലിക്കാണ്.

ബിസിനസുകാരനായ ഭർത്താവ് ഷാജു ഐസക്, ഹൻസ് രാജ് കോളജിൽ ബികോം വിദ്യാർഥിനിയായ മകൾ ഡിയോണ എന്നിവർക്കൊപ്പം കഠ‍്‍വാരിയ സരായ് റൂം നമ്പർ ഡി-5, എഫ്- 95ലാണ് താമസം. മൂത്ത മകൾ ലിയോണ കാനഡയിൽ വിദ്യാർഥിനിയാണ്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്നതാണ് ഏറെ സന്തോഷം പകരുന്നതെന്ന് എറണാകുളം പിറവം സ്വദേശിനിയായ ജൂലി പറയുന്നു. മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളുടെ കാര്യത്തിൽ കേരളത്തേക്കാൾ വളരെ മുന്നിലാണു ഡൽഹി. കൂടുതൽ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാൻ കഴിയുന്നതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.

ഏകദേശം 31 വർഷം പിന്നിടുന്ന ഡൽഹിയുമായുള്ള ബന്ധം ഇപ്പോൾ വേർപിരിയാനാവാത്ത വിധം ദൃഢമാണ്. ഇവിടത്തെ ഷോപ്പിങ് മാളുകളും മാർക്കറ്റുകളും ഏറെ ഇഷ്ടമാണ്. ഡൽഹിയിൽ റിലീസ് ചെയ്യുന്ന മലയാളി സിനിമകൾ മിക്കതും കാണാറുണ്ട്.  കേരളം വിട്ടതിന്റെ വിഷമത്തോടെയാണ് ജീവിതം ആരംഭിച്ചതെങ്കിലും ഇന്ന് ഡൽഹിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമെന്നും ജൂലി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com