ADVERTISEMENT

ന്യൂഡൽഹി ∙ ഉഷ്ണതരംഗമില്ലാതെ മേയ് മാസം കടന്നുപോകുന്നു. 2014നു ശേഷം ആദ്യമായാണു ഡൽഹിയിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ മേയിൽ ഉഷ്ണതരംഗം രേഖപ്പെടുത്താത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ, മേയ് മാസങ്ങളിൽ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം രൂപപ്പെട്ടുവെങ്കിലും ദേശീയതലസ്ഥാന മേഖലയിൽ പൊതുവായി ഇത്തരം സാഹചര്യമുണ്ടായില്ലെന്നു കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

മേയിൽ 9 ദിവസം മാത്രമാണ് 40 ഡിഗ്രിക്കു മുകളിൽ ഉയർന്ന താപനിലയുണ്ടായത്. കഴിഞ്ഞ 2 ദിവസങ്ങളിലാകട്ടെ ശക്തമായ മഴയുമെത്തി. ഏപ്രിലിൽ 20 മില്ലീമീറ്റർ മഴയാണു നഗരത്തിൽ രേഖപ്പെടുത്തിയത്. 2017നു ശേഷം ഏപ്രിലിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന നില. പ്രീ മൺസൂൺ സമയത്തു നഗരത്തിലെ മഴപ്പെയ്ത്തിന്റെ ശരാശരി 62.6 മില്ലീമീറ്റർ ആണെങ്കിൽ ഇക്കുറി 161.2 മില്ലീമീറ്ററാണു ലഭിച്ചത്. 15% വർധന.

കഴിഞ്ഞ വർഷം 13 ഉഷ്ണതരംഗ സാഹചര്യങ്ങളാണ് കാലവർഷത്തിനു മുൻപുണ്ടായത്. ഏപ്രിലിൽ 9 എണ്ണവും മേയിൽ 4 എണ്ണവും. 2021ൽ ഒരു ദിവസം മാത്രമായിരുന്നു ഇതെങ്കിൽ 2020ൽ 4 ഉഷ്ണതരംഗവും 2019ൽ ഒരെണ്ണവും രേഖപ്പെടുത്തി. ‘സാധാരണ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അഞ്ചോ ആറോ ന്യൂനമർദ്ദങ്ങളാണു ഉണ്ടാവാറുള്ളത്. എന്നാൽ ഇക്കുറി 10 ന്യൂനമർദ്ദമാണുണ്ടായത്. ഇതെല്ലാം ഏറെ ശക്തവുമായിരുന്നു. തുടർച്ചയായ മഴയുടെ കാരണം ഇതാണ്’ കാലാവസ്ഥാ വകുപ്പ് റീജനൽ സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ‌

ഇന്ന് യെലോ അലർട്ട്  

അതിശക്തമായ മഴയിൽ നഗരത്തിൽ ഗതാഗത തടസ്സം. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചന കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നഗരത്തിൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 5 വരെ കൂടിയ താപനില 40നു മുകളിൽ പോകില്ലെന്നും വ്യക്തമാക്കി.

അതിശക്തമായ കാറ്റും മഴയുമായിരുന്നു ഇന്നലെ നഗരത്തിലുണ്ടായത്. കാറ്റിന്റെ വേഗം 70–80 കിലോമീറ്റർ വരെയെത്തി. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കൂടിയ താപനില 35.9 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. മഴയെത്തുടർന്നു പലയിടത്തും ഗതാഗത തടസ്സവുമുണ്ടായി.മോശം കാലാവസ്ഥയെത്തുടർന്നു ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന 10 വിമാനങ്ങൾ ഇന്നലെ വൈകിട്ട് 6.25 മുതൽ രാത്രി 8 വരെയുള്ള സമയത്തു വഴിതിരിച്ചുവിട്ടു. ഇതിൽ 9 എണ്ണം ജയ്പുരിലും ഒരെണ്ണം ലക്നൗവിലുമാണ് ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com