ജി20: മുന്നോടിയായി പ്രഗതി മൈതാനിൽ പുലർച്ചെ ചേരിയൊഴിപ്പിക്കൽ; കണ്ണീർ കാണാതെ കുടിയൊഴിപ്പിച്ച്...
Mail This Article
ന്യൂഡൽഹി ∙ ജി20 സമ്മേളനത്തിനു മുന്നോടിയായുള്ള ചേരിയൊഴിപ്പിക്കൽ നടപടികൾ നഗരത്തിൽ തുടരുന്നു. ഇന്നലെ പ്രഗതി മൈതാനിലെ ചേരി ഒഴിപ്പിച്ചപ്പോൾ താമസകേന്ദ്രം ഇല്ലാതായതു 40 കുടുംബങ്ങൾക്കാണ്. കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ പല സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പുലർച്ചെ 4 മണിക്കാണു മണ്ണുമാന്തിയും പൊലീസുമായി അപ്രതീക്ഷിതമായി ഒഴിപ്പിക്കൽ സംഘം ചേരി പ്രദേശത്തെത്തിയത്. പ്രഗതി മൈതാനിലെ 55 ചേരികളാണു സംഘം ഒഴിപ്പിച്ചത്. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ഭൈറോൺ മാർഗിലും പരിസരത്തും പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രദേശത്തു നടത്തിയിരുന്ന താൽക്കാലിക സ്കൂളും സംഘം ഇടിച്ചു പൊളിച്ചു. ചെറിയ ടെന്റുകളാണ് സ്കൂളായി സജ്ജീകരിച്ചിരുന്നത്.
‘ഏകദേശം 30 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തെരുവിൽ കഴിയുന്നവരുടെ കുട്ടികൾ പലരും ഇവിടെയാണു പഠിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയാണ് എല്ലാം ഒഴിപ്പിച്ചത്’ പ്രദേശവാസിയായ ഒരാൾ പ്രതികരിച്ചു.ഒഴിയണമെന്ന് പറഞ്ഞപ്പോൾ ചേരിക്ക് 5 കിലോമീറ്റർ പരിധിയിൽ താമസത്തിനു മറ്റൊരു കേന്ദ്രം അനുവദിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവർ പറഞ്ഞു. ‘അവർക്ക് വോട്ട് ആവശ്യമുള്ളപ്പോൾ ഞങ്ങളുടെ അടുത്തുവരികയും കാര്യങ്ങൾ തിരക്കുകയും ചെയ്യും. എന്നാൽ ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ ആരുമില്ല. എവിടെപോകുമെന്നുപോലും അറിയില്ല’ അമർഷത്തോടെ ഒരാൾ പ്രതികരിച്ചു.
ഫർണിച്ചർ, പുസ്തകങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാം ഭൂരിഭാഗം പേർക്കും നഷ്ടപ്പെട്ടു. നോട്ടിസ് തന്നിരുന്നുവെന്നതു സത്യമാണെങ്കിലും പുലർച്ചെ 4 മണിക്കെത്തി ഒഴിപ്പിക്കൽ നടത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഇവർ പറയുന്നു. ജി20 സമ്മേളനത്തിനു മുന്നോടിയായി നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കൽ നടപടികളെല്ലാം നടക്കുന്നത്. ധൗള കുവ, മെഹ്റോളി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെല്ലാം ഒഴിപ്പിക്കൽ നടപടികൾ നടത്തിയിരുന്നു.