ADVERTISEMENT

ന്യൂഡൽഹി ∙ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സജ്ജമല്ലെങ്കിൽ ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും മദ്യം വിളമ്പുന്ന റസ്റ്ററന്റുകളുടെയും ലൈസൻസ് റദ്ദാക്കുമെന്നു സംസ്ഥാന എക്സൈസ് വകുപ്പിന്റെ കർശന നിർദേശം. എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ പല ഹോട്ടലുകളിലും റസ്റ്ററന്റുകളിലും  പ്രവർത്തിക്കാത്ത സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതു കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണു കർശന നിർദേശം. സുരക്ഷാ സംവിധാനങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് അനുബന്ധ നടപടികൾക്കു വേണ്ടിയും പലപ്പോഴും സിസിടിവി ദൃശ്യങ്ങൾ നൽകേണ്ടതുണ്ട്. എന്നാൽ പ്രവർത്തിക്കുന്നില്ലെന്ന കാരണം കാട്ടി ഇതു പലരും നൽകാത്തിരിക്കുന്നതാണ് പതിവ്.

‘ഹോട്ടലുകളിലും ക്ലബ്ബുകളുടെയും മറ്റും അകത്തും പുറത്തും സിസിടിവി പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കണം. ദൃശ്യങ്ങൾ ക‍ൃത്യമായി സൂക്ഷിക്കുകയും ചെയ്യണം. ഈ വ്യവസ്ഥകളിൽ വീഴ്ച വരുത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും’ എക്സൈസ് വകുപ്പിന്റെ നോട്ടിസിൽ പറയുന്നു. 

സിസിടിവി പ്രവർത്തിക്കാത്തതിനു കാരണം ബോധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഗുരുതരമായ പിഴവായി വിലയിരുത്തുമെന്നും  പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അഭാവം കാരണം ലൈസൻസിന് അപേക്ഷിച്ചവർ നൽകിയ പല വിവരങ്ങളും ശരിയാണെന്നു വിലയിരുത്താൻ സാധിക്കുന്നില്ലെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. നിസ്സാര കാരണങ്ങളാണ് ഇവർ ഉയർത്തുന്നതെന്നും അധികൃതർ പറഞ്ഞു. പരിശോധനാ സമയത്തു എക്സൈസ് സംഘവുമായി ഹോട്ടൽ ജീവനക്കാർ തർക്കിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. 

അനുവദനീയമായ സീറ്റ് മാത്രമാണ് റസ്റ്ററന്റുകളിലുള്ളത്, നിശ്ചിത പ്രായപരിധിയിൽ താഴെയുള്ളവർക്കു മദ്യം വിളമ്പുന്നില്ല, നിശ്ചിത സമയശേഷം പ്രവർത്തിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പാക്കാനാണ് അധികൃതർ സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കുന്നത്. കയ്യേറ്റ, അതിക്രമ സംഭവങ്ങളുണ്ടായാൽ തെളിവായും ഇവ ഉപയോഗപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com