വെള്ളിത്തിരയിലെ വർണക്കാഴ്ചകൾ കാണാം; ഡൽഹി ചലച്ചിത്രമേളയുടെ ആദ്യ പതിപ്പ് ഓഗസ്റ്റിൽ

HIGHLIGHTS
  • മേളയുടെ ഭാഗമായി ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ 15 പുരസ്കാരങ്ങൾ ഏർപ്പെടുത്തും
theatre
SHARE

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഡൽഹി ചലച്ചിത്രമേളയുടെ ആദ്യ പതിപ്പ് ഓഗസ്റ്റിൽ നടത്തും. മേളയുടെ ഭാഗമായി ആജീവനാന്ത നേട്ടങ്ങൾക്കായി ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ 15 പുരസ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. പ്രത്യേക പരാമർശത്തിനുള്ള 5 പുരസ്കാരങ്ങൾ ഉൾപ്പെടെയാണിത്. സർക്കാരിന്റെ ടൂറിസം വകുപ്പ് പരിപാടിയുടെ രൂപരേഖ തയാറാക്കുന്നുണ്ട്. അത് പൂർത്തിയാകുന്ന മുറയ്ക്ക് സംരംഭത്തിന്റെ ചുമതലയുള്ള മന്ത്രി അതിഷിയുമായി ചർച്ച ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ റോസ്ഗർ ബജറ്റിന്റെ ഭാഗമായാണു മേള പ്രഖ്യാപിച്ചത്. സിരി ഫോർട്ട് ഓഡിറ്റോറിയത്തിലാണു ചലച്ചിത്രമേള നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഇന്ത്യയിലും പ്രചരിപ്പിക്കുന്നതിനായി ഒട്ടേറെ പ്രോഗ്രാമർമാരെ ടൂറിസം വകുപ്പ് നിയമിച്ചിട്ടുണ്ട്. കൂടാതെ ജി20യിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെക്കുറിച്ചു പ്രത്യേക വിഭാഗവും പ്രവർത്തിക്കും. സിനിമ എൻട്രികൾ വിലയിരുത്താൻ വിദേശത്ത് നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ 7 അംഗ ജൂറിയെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഫിലിം പോളിസി സജീവമാക്കും

നഗരത്തെ സിനിമാ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘ഡൽഹി ഫിലിം പോളിസി–2022’ പ്രഖ്യാപിച്ചത്. നിർമാതാക്കളെ പിന്തുണയ്ക്കാൻ 30 കോടി രൂപയുടെ ഫണ്ട് ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. നയം സജീവമായി നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി അധികൃതർ പറഞ്ഞു.

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെ ഡൽഹിയിലേക്ക് ആകർഷിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും ചലച്ചിത്രനയം നടപ്പാക്കുക. ഡൽഹി ഫിലിം പോളിസിയിലൂടെയും ഫിലിം ഫെസ്റ്റിവലിലൂടെയും ടൂറിസം, കലാ-സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ട പുതിയ തൊഴിൽ, ബിസിനസ് അവസരങ്ങൾ തുടങ്ങിയവ സർക്കാർ ഒരുക്കും. പൂർണമായും ഓൺലൈൻ ഏകജാലക രീതിയിലായിരിക്കും ചലച്ചിത്രനയം നടപ്പാക്കുക.

അതു വഴി നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കു സ്കോളർഷിപ്പോ സ്റ്റൈപ്പൻഡോ നൽകും. ഇന്റേൺഷിപ് അവസരങ്ങളും സജ്ജീകരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS