ADVERTISEMENT

ന്യൂഡൽഹി ∙ യമുനയിലെ ജലനിരപ്പ് ഇറങ്ങിയാലും, 45 വർഷത്തിനു ശേഷം ദിവസങ്ങളോളം വീർപ്പുമുട്ടിച്ച പ്രളയത്തിന്റെ ദുരിതത്തിൽ നിന്നു ഡൽഹി കരകയറാൻ ദിവസങ്ങൾ ഏറെയെടുക്കും. ഈ വെള്ളപ്പൊക്കത്തിൽ നഗരം ബുദ്ധിമുട്ടിയതു നഗരാസൂത്രണത്തിലെ പാകപ്പിഴ കൊണ്ടു മാത്രമാണെന്നാണു വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്.

1960ലാണ് നഗരാസൂത്രണ വിഭാഗം ഡൽഹിയുടെ രൂപരേഖ ആദ്യമായി തയാറാക്കുന്നത്. പിന്നീട് പല വർഷങ്ങളായി ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയവർ വെള്ളപ്പൊക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ വേണ്ട ഒരു മുൻകരുതലും സ്വീകരിച്ചിട്ടില്ലെന്നാണു ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ മുൻ കമ്മിഷണർ എ.കെ.ജെയിൻ പറഞ്ഞത്. വെള്ളപ്പൊക്ക സാധ്യത ഏറെയുള്ള യമുനയെ ഒരു തരത്തിലും പരിഗണിക്കാതെയാണു കാലാകാലങ്ങളായി ഡൽഹിയുടെ നഗരാസൂത്രണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ല്യൂട്ടൻസ് അന്നേ പറഞ്ഞു...

ആയിരം വർഷത്തിനിടെ ഡൽഹി പലതവണ പുതുക്കിപ്പണിതിട്ടുണ്ട്. എന്നാൽ, ഒരു വശത്തു യമുനയും മറുവശത്തു വനവുമുള്ള ഡൽഹിയുടെ ഭൂമിശാസ്ത്രം ഉൾക്കൊള്ളാതെയാണു വികസനം നടപ്പാക്കിയത്. ബ്രിട്ടിഷുകാരുടെ കാലത്തു തലസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു മാറ്റാൻ തീരുമാനിച്ചപ്പോൾ ആധുനിക ഡൽഹിയുടെ ശിൽപി എ‍ഡ്വേഡ് ല്യൂട്ടൻസ് യമുനയിൽ നിന്നുള്ള പ്രളയസാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളപ്പൊക്ക ഭീഷണിക്കു പുറമേ മലേറിയ പടർന്നു പിടിക്കുന്ന സമയം കൂടിയായിരുന്നു അത്. പക്ഷേ, ജോർജ് അഞ്ചാമൻ ശിലാസ്ഥാപനം നടത്തിയതു കൊണ്ടു മാത്രം നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

എ.കെ.ജെയിൻ.
എ.കെ.ജെയിൻ.

അതീവ ലോല മേഖലകളേറെ...

അതീവ ലോല മേഖലകളുടെ സ്വഭാവം പോലും കണക്കിലെടുക്കാതെയാണു റിങ് റോഡ്, പവർ സ്റ്റേഷനുകൾ, ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ഡൽഹി സെക്രട്ടേറിയറ്റ്, ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ ഡിപ്പോ എന്നിവ നിർമിച്ചിരിക്കുന്നതെന്നും എ.കെ.ജെയ്ൻ വ്യക്തമാക്കി. നൂറു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഒരു തരത്തിലുള്ള നിർമാണങ്ങളും നടത്താൻ അനുമതിയില്ലാത്ത ഈ പ്രദേശത്തെ ‘ഒ സോൺ’ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അനധികൃത കോളനികളും കയ്യേറ്റങ്ങളും യമുനാ നദിയെ തന്നെ 40 ശതമാനത്തോളം ചുരുക്കി. വെള്ളപ്പൊക്കം അതിരൂക്ഷമാകുന്നതിനുള്ള കാരണവും ഇതാണ്.

എഴുപതുകളിലെ അഴുക്കുചാൽ...

ഡൽഹിയിൽ ഇപ്പോഴുള്ള അഴുക്കുചാൽ സംവിധാനം 1970കളിൽ ജനസംഖ്യ 30– 35 ലക്ഷം ആയിരുന്നപ്പോൾ ആസൂത്രണം ചെയ്തതാണ്. നിലവിൽ 2 കോടിയിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അവസ്ഥയിൽ ഇതുമായി ഏറെ നാൾ മുന്നോട്ടു പോകാനാകില്ല. അഴുക്കുചാൽ സംവിധാനം എത്രയും പെട്ടെന്നു നവീകരിച്ചില്ലെങ്കിൽ മഴയും പ്രളയവും ഡൽഹിയെ വീണ്ടും വീർപ്പുമുട്ടിക്കും. ഐടിഒ ഭാഗത്തെ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം തകർന്നതു കൊണ്ടു മാത്രമാണു യമുന കരകവിഞ്ഞു സുപ്രീംകോടതിയുടെ മുന്നിൽ വരെ എത്താൻ കാരണമായത്. നഗരാസൂത്രണത്തിൽ ഇനിയും പൊളിച്ചെഴുത്തു നടത്തിയില്ലെങ്കിൽ ഉൾക്കൊള്ളാനാവുന്നതിൽ കൂടുതൽ ആളുകൾ തങ്ങുന്ന ഡൽഹി വരും നാളുകളിലും സുരക്ഷിതമായിരിക്കില്ല.

‘ഒരുപാടു കാലത്തെ അധ്വാനം ഒറ്റ രാത്രിയിൽ യമുന തട്ടിയെടുത്തു’

ഒരുപാടു കാലം കഠിനാധ്വാനം ചെയ്തുണ്ടാക്കിയതെല്ലാം ഒറ്റരാത്രി കൊണ്ടു നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലാണു തീരത്തു കഴിഞ്ഞിരുന്ന നൂറുകണക്കിനു പാവപ്പെട്ടവർ. വെള്ളപ്പൊക്കത്തെ കുറിച്ച് പൊലീസിൽ നിന്നോ സർക്കാർ അധികൃതരിൽ നിന്നോ ഒരു തരത്തിലുള്ള മുന്നറിയിപ്പും ലഭിച്ചില്ലെന്ന് ഇവർ ആവർത്തിച്ച് പറയുന്നു. 

കൂരകളെല്ലാം വെള്ളത്തിനടിയിലായതോടെ ഒരു ടാർപായ മാത്രം വലിച്ചുകെട്ടിയ തണലിലാണ് ദിവസങ്ങളായി പലരും കഴിയുന്നത്. മയൂർ വിഹാർ, യമുന ബ്രിജ് പ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേരാണ് ഇങ്ങനെ തെരുവിൽ കഴിയുന്നത്. ഇത്രയും ദിവസങ്ങളായിട്ടും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം പോലും സർക്കാർ ചെയ്തു കൊടുത്തിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. 

 യമുന ബ്രിജിനു താഴെ വെള്ളത്തിനടിയിലായ കുടിലിന്റെ മേൽക്കൂരയിലേക്കു നോക്കി തന്റെ 20 വർഷത്തെ സമ്പാദ്യങ്ങൾ അപ്പാടെ 3 ദിവസം കൊണ്ടു വെള്ളത്തിലായെന്നു സീമ പറഞ്ഞു. വീട്ടുജോലി ചെയ്താണ് സീമ കുടുംബം പുലർത്തിയിരുന്നത്. ഒരു പ്ലാസ്റ്റിക് ടർപായയും ഒരു പാക്കറ്റ് പാലും അല്ലാതെ മറ്റൊരു സഹായവും സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ലെന്നും സീമ പറഞ്ഞു.

 ഇതിനു മുൻപ് 2013ൽ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും സർക്കാരിൽ നിന്നൊരു സഹായവും ലഭിച്ചിട്ടില്ലെന്നു മയൂർ വിഹാറിൽ യമുന തീരത്തു താമസിക്കുന്ന അശോക് പറഞ്ഞു. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ തീരത്തെ മുഴുവൻ കുടിലുകളും വെള്ളത്തിനടിയിലായി. 

ശുദ്ധജലം പോലും സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ തകർന്ന വീടുകൾ എങ്ങനെ നന്നാക്കി എടുക്കുമെന്ന് അറിയില്ലെന്നാണു യമുന ബ്രിജിനു താഴെ താമസിക്കുന്ന സുരേഷ് പറഞ്ഞത്.

കരുതലോടെ വെള്ളം ഉപയോഗിക്കൂ

ന്യൂഡൽഹി ∙ ഡൽഹി നിവാസികൾ വരും ദിവസങ്ങളിൽ ജലം വളരെ കരുതലോടെ ഉപയോഗിക്കണമെന്നു മുനിസിപ്പൽ കൗൺസിൽ മുന്നറിയിപ്പു നൽകി. ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണു എൻഡിഎംസി വൈസ് ചെയർമാൻ സതീഷ് ഉപാധ്യായ പറഞ്ഞത്. താൽക്കാലികമായി അടച്ചിട്ടിരുന്ന കുടിവെള്ള സംസ്കരണ പ്ലാന്റുകൾ തുറന്നു പ്രവർത്തിച്ച് തുടങ്ങുന്നതേയുള്ളൂ. രാജ്യതലസ്ഥാനത്തു താമസിക്കുന്ന മന്ത്രിമാരും എംപിമാരും വിശിഷ്ട വ്യക്തികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഹോട്ടലുകളിലും റസ്‌റ്ററന്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ജലദുരുപയോഗം കർശനമായി തടയണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പരിമിതമായി മാത്രം ജലം ഉപയോഗിക്കാൻ നിർദേശം നൽകണമെന്നും എൻഡിഎംസി വൈസ് ചെയർമാൻ പറഞ്ഞു.

ജല വിതരണത്തിലെ തടസ്സം ഉടൻ നീക്കുമെന്ന് സർക്കാർ

ന്യൂഡൽഹി ∙ വെള്ളക്കെട്ടു രൂക്ഷമായ ഡൽഹിയിലെ ശുദ്ധജല വിതരണത്തിൽ നേരിട്ട തടസ്സം ഉടൻ മാറ്റുമെന്നു സർക്കാർ. ചന്ദ്രവാളിലെ ശുദ്ധജല സംസ്കരണ പ്ലാന്റ് ഇന്നലെ രാവിലെ മുതൽ പ്രവർത്തിച്ചുത്തുടങ്ങി. വെള്ളത്തിനടിയിലായി പ്രവർത്തനം നിലച്ച വസീറാബാദ് പ്ലാന്റും ഉടൻ തന്നെ തുറക്കുമെന്നാണു ജല ബോർഡ് അധികൃതർ അറിയിച്ചത്. യമുനയിലേക്കുള്ള അഞ്ചു തടയണകളും ഉടൻ തുറക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ ചില തടയണകൾ തുറക്കാൻ കഴിയാത്ത വിധം കേടായിരുന്നു. ഐടിഒ തടയണയുടെ ഒരു ഷട്ടർ കഴിഞ്ഞ ദിവസം തുറന്നിരുന്നു. നാവിക സേന എത്തിയാണ് ഇത് തുറന്നത്. 32 ഷട്ടർ ഉള്ളതിൽ നാലെണ്ണം ഒരു വിധത്തിലും തുറക്കാൻ കഴിയാത്ത വിധം കേടായി. 

വെസ്റ്റ് പട്ടേൽ നഗറിൽ പലയിടത്തും വെള്ളമില്ല

‘ബിൽജിത് നഗറിൽ 200ൽ അധികം മലയാളികൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവസമായി ഇവിടെ പൈപ്പിലൂടെയുള്ള ശുദ്ധജല വിതരണം പാടേ നിലച്ചിരിക്കുകയാണ്. ഡൽഹിയിലെ മറ്റു സ്ഥലങ്ങളിലെപ്പോലെ മഴയോ വെള്ളക്കെട്ടോ ഒരു തരത്തിലും പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലാത്ത പ്രദേശമാണിത്. സാധാരണ രാത്രി 9.30ന് പതിവായി വെള്ളം വരുന്നതാണ്. ഇപ്പോഴതു നിലച്ചിട്ട് നാലു ദിവസമായി. കടയിൽ നിന്നു അഞ്ചു ലീറ്റർ വെള്ളത്തിന്റെ ബോട്ടിലുകൾ വാങ്ങിയാണ് ഈ ദിവസങ്ങളിൽ വീട്ടിലെ അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. ഇനിയും ഈ ദുരവസ്ഥ തുടർന്നാൽ ഒരു തരത്തിലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യമാകും.’ - സുരേഷ് കുമാർ, ടി-513 ബൽജിത് നഗർ, വെസ്റ്റ് പട്ടേൽ നഗർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com