ADVERTISEMENT

ന്യൂഡൽഹി ∙ യമുനയിലെ ജലനിരപ്പു താഴ്ന്നു തുടങ്ങിയെങ്കിലും ഡൽഹിയിലെ വെള്ളക്കെട്ടിനും ഗതാഗത സ്തംഭനത്തിനും പൂർണ പരിഹാരമായില്ല. ദിവസങ്ങളായി വെള്ളക്കെട്ടു മൂലം ഗതാഗതക്കുരുക്കു രൂക്ഷമായ ഐടിഒയിൽ അതേ സ്ഥിതി തുടരുകയാണ്. രാജ്ഘട്ടും സമീപ പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം, ഇന്നലെ ഉച്ചയോടെ ജലനിരപ്പു താഴ്ന്ന് ഓൾഡ് റെയിൽവേ പാലത്തിൽ 205.91 മീറ്ററായി. ഡൽഹി ഉടൻ തന്നെ സാധാരണ നിലയിലേക്കു മടങ്ങുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 

എന്നാൽ, യമുന തീരത്തോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡൽഹിയിലെ 6 ജില്ലകളെ വെള്ളപ്പൊക്കം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. ധർമശാലകളിലും സ്‌കൂളുകളിലുമായി നിരവധി ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. ദുരിതാശ്വാസ ക്യാംപുകൾ തുടരുന്നതു കാരണം യമുനയോടു ചേർന്നുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഇന്നും നാളെയും അവധിയായിരിക്കുമെന്നു സർക്കാർ അറിയിച്ചു. ശുദ്ധജലവും ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ക്യാംപുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. 

അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ വീടു വിട്ടിറങ്ങേണ്ടി വന്ന പലർക്കും ആധാർകാർഡ് അടക്കമുള്ള തിരിച്ചറിയിൽ രേഖകൾ വരെ നഷ്ടപ്പെട്ടു. ഇങ്ങനെയുള്ളവർക്കു വേണ്ടി പ്രത്യേകം ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും നഷ്ടപ്പെട്ട രേഖകൾ വീണ്ടും ലഭിക്കുന്നതിനുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു. ഒട്ടേറെ കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതിനും ഉടൻ പരിഹാരം കാണുമെന്നും കേജ്‌രിവാൾ പറഞ്ഞു. 

വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായ ഡൽഹിയിലെ സ്ഥിതി നിയന്ത്രിക്കാൻ മീററ്റിൽ നിന്നു രണ്ടു ടാസ്‌ക് ഫോഴ്‌സ് സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി. ഗതാഗത നിയന്ത്രണത്തിനായി നഗരത്തിൽ 4,500 ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ഡൽഹിയുടെ 4 അതിർത്തികളിൽ നിന്നും അവശ്യസാധനങ്ങളുമായി എത്തുന്നതല്ലാത്ത എല്ലാ ഭാരവണ്ടികളും നിരോധിച്ചു.

സുപ്രീംകോടതിക്കു സമീപത്തെ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം തകർന്നതു നന്നാക്കാനുള്ള ശ്രമങ്ങൾ മൂന്നാം ദിവസവും തുടരുകയാണ്. ഇതു തകർന്നതോടെയാണു സുപ്രീംകോടതിക്കു സമീപത്തേക്കു വെള്ളം ഇരച്ചെത്തിയതും രാജ്ഘട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായതും. 

എഎപി സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി 

യമുന നദിയിലെയും ഡൽഹിയിലെ കാനകളിലെയും ചെളി നീക്കം ചെയ്യാൻ ആംആദ്മി പാർട്ടി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും വിനിയോഗിച്ച തുകയെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. കേജ്‌രിവാൾ സർക്കാരിന്റെ വീഴ്ച കൊണ്ടു മാത്രമാണു ഡൽഹി ഇത്രയധികം ദിവസം വെള്ളക്കെട്ടിൽ വീർപ്പുമുട്ടിയതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. അഴിമതിയും അശ്രദ്ധയുമാണ് ആംആദ്മി പാർട്ടിയുടെ മുഖമുദ്ര. മുഖ്യമന്ത്രി അധ്യക്ഷനായുള്ള വെള്ളപ്പൊക്ക നിയന്ത്രണ ഉന്നതാധികാര സമിതി കഴിഞ്ഞ രണ്ടു വർഷമായി യോഗം ചേർന്നിട്ടു പോലുമില്ലെന്നും വീരേന്ദർ സച്ച്‌ദേവ ചൂണ്ടിക്കാട്ടി.

ദുരിതബാധിതർക്ക് ഭക്ഷണമെത്തിച്ച് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം

ന്യൂഡൽഹി ∙ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നു ഭക്ഷണം എത്തിച്ചുകൊടുക്കുന്നു. യമുനയുടെ തീരത്ത് ടെന്റ് അടിച്ച് താമസിക്കുന്നവർക്ക് ഒരാഴ്ചയായി ഇവിടെനിന്ന് ഭക്ഷണം നൽകുന്നുണ്ട്. 

കോവിഡ് സമയത്ത് ആയിരക്കണക്കിനു ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു. ക്ഷേത്രത്തിലെ മാനവ സേവ മാധവ സേവ പരിപാടിയുടെ ഭാഗമായാണ് ഈ സേവനങ്ങൾ നടത്തുന്നതെന്നു ക്ഷേത്രം പ്രസിഡന്റ് ഡോ.രമേശ് നമ്പ്യാരും സെക്രട്ടറി വേണുഗോപാലും പറഞ്ഞു.

മെഡിക്കൽ ക്യാംപുമായി അമൃത ആശുപത്രി

ന്യൂഡൽഹി ∙ പ്രളയ ദുരിതത്തിൽ കൈത്താങ്ങുമായി ഫരീദാബാദ് അമൃത ആശുപത്രിയും. ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഫരീദാബാദ് ബസന്ത്പൂർ കോളനിയിൽ നടന്ന ക്യാംപിൽ മുന്നൂറിലേറെ പേർക്കാണ് സൗജന്യ വൈദ്യ പരിശോധനയും മരുന്നും ലഭ്യമാക്കിയത്. വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ പകർച്ചവ്യാധികൾ വർധിക്കാനുള്ള സാധ്യത ഏറെയാണ്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർഥന അനുസരിച്ചാണ് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ സ്വാമി നിജാമൃതാനന്ദപുരി ക്യാംപ് ആരംഭിക്കാൻ നിർദേശം നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com