ADVERTISEMENT

ന്യൂഡൽഹി ∙ വെള്ളക്കെട്ടു കുറഞ്ഞതോടെ സംസ്ഥാനത്തു ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറിയിട്ടുണ്ടെന്നു സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പ്. രോഗവ്യാപനം തടയുന്നതിനു സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും സർക്കാർ അറിയിപ്പു നൽകി. വയറിളക്കം, കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മൺസൂൺ കാലമായതിനാൽ പ്രത്യേക കരുതൽ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

യമുനാ നദി കരകവിഞ്ഞ് നഗരത്തിൽ പല സ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇപ്പോഴും പല ഭാഗങ്ങളിലും വെള്ളക്കെട്ട് പൂർണമായി ഒഴിഞ്ഞിട്ടില്ല. യമുനയിലെ ജലം ശുദ്ധീകരിച്ചാണ് നഗരത്തിൽ വിതരണം ചെയ്യുന്നത്. നദിയിൽ ജലനിരപ്പ് ഉയർന്നതോടെ അഴുക്കുചാലുകളിൽ നിന്നുള്ള മലിനജലം നദീ ജലത്തിൽ കലർന്നൊഴുകിയതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

മലിനജലം കുടിക്കുന്നതാണ് ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ, വ്യക്തി ശുചിത്വം പാലിക്കുക, ശുദ്ധജലം നല്ലവണ്ണം തിളപ്പിച്ച് ഉപയോഗിക്കുക, വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക, വഴിയോരങ്ങളിലെ കടകളിൽ മുറിച്ച്​വച്ചിരിക്കുന്ന പഴങ്ങൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് സർക്കാർ നൽകുന്ന നിർദേശങ്ങൾ. ഛർദി, മഞ്ഞപ്പിത്തം, പനി എന്നിവ ബാധിച്ചാൽ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്നും സ്വയം ചികിത്സ അരുതെന്നും നിർദേശിച്ചിട്ടുണ്ട്.

 ജലനിരപ്പ് വീണ്ടും അപകടനിലയ്ക്ക് മുകളിൽ; ജാഗ്രത

ന്യൂഡൽഹി ∙ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകടനില കടന്നതോടെ ഡൽഹിയിൽ ജാഗ്രതാ നിർദേശം.ഇന്നലെ വൈകിട്ട് 6നാണ് നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്റർ കടന്ന് 205.34 മീറ്ററിലേക്ക് ഉയർന്നത്. ഇന്നു വീണ്ടും വർധിക്കുമെന്നാണ് കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്. 

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.  

അതിനിടെ, രാജ്ഘട്ടിലെ വെള്ളക്കെട്ട് പൂർണമായി ഇല്ലാതാക്കിയതായി അധികൃതർ വ്യക്തമാക്കി. യമുന കരകവിഞ്ഞതിനെ തുടർന്നാണ് രാജ്ഘട്ട് വെള്ളത്തിൽ മുങ്ങിയത്. വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കിയതായും ഗാന്ധി സമാധിയും പരിസരവും വൃത്തിയാക്കിയതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com