ADVERTISEMENT

അയിത്തം എന്ന ദുരാചാരത്തിനെതിരെ വിവിധ സമൂഹങ്ങളെ ചിന്തിപ്പിക്കുകയും അധികാരികളുടെ കണ്ണു തുറപ്പിക്കുകയും ചെയ്ത വൈക്കം സത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ഡൽഹിയിൽ പുനർജനിക്കുന്നു. സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ദളവാക്കുളത്തിലെ കൂട്ടക്കുരുതി മുതൽ ക്ഷേത്ര പ്രവേശന വിളംബരം വരെയുള്ള ചരിത്രം വേദിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണു വൈക്കത്തു നിന്നുള്ള മലയാളികളുടെ കൂട്ടായ്മയായ ഡൽഹി വൈക്കം സംഗമം. 

‘വൈക്കം സത്യഗ്രഹം, കഥയും ചരിത്രവും’ എന്ന മെഗാ സ്റ്റേജ് ഷോ ഒക്ടോബർ 2ന് വൈകിട്ട് 6.30നു ആർകെ പുരം കേരള സ്കൂൾ ഓഡ‍ിറ്റോറിയത്തിൽ അരങ്ങേറും. 1.45 മണിക്കൂർ ദൈർഘ്യമുള്ള സ്റ്റേജ് ഷോയിൽ കേരളത്തിന്റെ 14 ജില്ലകളിൽ നിന്നുള്ള കലാകാരന്മാരും ഡൽഹി മലയാളികളും സർവകലാശാല വിദ്യാർഥികളും വേഷമിടും. 

19–ാം നൂറ്റാണ്ടിൽ വേലുത്തമ്പി ദളവയുടെ കുതിരപ്പടയാളി കുഞ്ഞിട്ടിപ്പിള്ളയുടെ നേതൃത്വത്തിൽ ഇരുന്നൂറിലേറെ ഈഴവ യുവാക്കളെ കൂട്ടക്കുരുതി ചെയ്ത് ദളവാക്കുളത്തിൽ കുഴിച്ചുമൂടിയത് മുതൽ 1936ലെ ക്ഷേത്ര പ്രവേശന വിളംബരം വരെയുള്ള ചരിത്രമാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. സത്യഗ്രഹ പന്തൽ സന്ദർശിച്ച ഗാന്ധിജി, ശ്രീനാരായണ ഗുരു, പെരിയാർ, ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, ആമച്ചാടി തേവൻ, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളെയും മലയാളി കലാകാരന്മാർ വേദിയിൽ അവതരിപ്പിക്കും. അജിത് മണിയനാണു സംവിധാനം. കലാഭവൻ പ്രജിത്ത് രചനയും സംഗീതവും സാക്ഷാത്കാരവും നിർവഹിക്കും. 

ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളും രംഗവേദി കലാ സമിതിയിലെയും ഡൽഹിയിലെ വിവിധ മലയാളി സംഘടനകളിലെ കലാകാരന്മാരും ഉൾപ്പെടെ 60ലേറെ പേരാണ് ചരിത്രം വേദിയിലെത്തിക്കുന്നത്. ശിവൻ മാസ്റ്ററാണ് നൃത്ത സംവിധാനം.വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത തലമുറയുടെ ചരിത്രപരമായ ദൗത്യമായാണ് കലാരൂപം അരങ്ങിലെത്തിക്കുന്നതെന്ന് ജനനാട്യ മഞ്ചിലെ മുതിർന്ന ആർട്ടിസ്റ്റായ ടി.കെ.സോമൻ പറഞ്ഞു. പൂർവികർ അവർ അനുഭവിക്കേണ്ടി വന്ന യാതനകൾക്കും ദുരാചാരങ്ങൾക്കുമെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് കലാരൂപമെന്നു കലാഭവൻ പ്രജിത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com