ADVERTISEMENT

മൂവാറ്റുപുഴ സ്വദേശി ഐസക് മാത്യു 36 വർഷം മുൻപ്, ആർകെ പുരം സെക്ടർ-5ൽ ‘മാത്യൂസ് കഫേ’ എന്ന വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങിയപ്പോൾ ഭക്ഷണം വാങ്ങാനെത്തിയവരിലേറെയും തമിഴരായിരുന്നു. ആർകെ പുരത്തെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരും മറ്റു ജോലികൾക്കെത്തിയവരുമായിരുന്നു മിക്കവരും. പിന്നീടാണു ഡൽഹിയിലേക്കു മലയാളികൾ കൂടുതലായി എത്തിത്തുടങ്ങുന്നത്. ഇപ്പോൾ ഉത്തരേന്ത്യക്കാരും തമിഴരും മലയാളികളുമെല്ലാം മാത്യൂസ് കഫേയിലെ സ്ഥിരം കസ്റ്റമേഴ്സാണ്. രാവിലെ 7 മുതൽ രാത്രി പത്തുവരെ കടയിൽ തിരക്കൊഴിഞ്ഞൊരു നേരമില്ല. 

പത്താം ക്ലാസ് കഴിഞ്ഞ് ടൈപ്പും- ഷോർട്ഹാൻഡും പാസായ ഐസക് മാത്യു ഡൽഹിയിലേക്കു വണ്ടികയറിയത് സർക്കാർ ജോലി പ്രതീക്ഷിച്ചാണ്. 5 വർഷം വിവിധ ഓഫിസുകളിൽ ജോലി ചെയ്തു. ഇതിനു ശേഷമാണ് ആർകെ പുരത്തെ പെട്രോൾ പമ്പിലെ ടീ- സ്നാക്സ് കട വാടകയ്ക്കെടുത്തത്. 1987ലാണ് നഗരസഭയുടെ മുറി സ്വന്തമാക്കി ‘മാത്യൂസ് കഫേ’ ആരംഭിക്കുന്നത്. 

ആദ്യകാലങ്ങളിൽ ഭക്ഷണം വീട്ടിൽ പാകംചെയ്താണ് എത്തിച്ചിരുന്നത്. പിന്നീട് ഹോട്ടലിൽ തന്നെ പാകംചെയ്ത് തുടങ്ങി. ഇപ്പോൾ കഫേയിൽ 25 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും യുപി, ബിഹാർ സ്വദേശികൾ. ദോശയും പൊറോട്ടയുമൊക്കെ തയാറാക്കാൻ തൊഴിലാളികൾക്കു പരിശീലനം നൽകിയതും ഐസക് തന്നെ. കടയ്ക്കു മുന്നിലെ കൗണ്ടറിൽ ഭക്ഷണം പാഴ്സലായി വാങ്ങാനെത്തുന്നവരുടെ തിരക്കാണ് എപ്പോഴും. കടയ്ക്കുള്ളിൽ ഇരിപ്പിടങ്ങളില്ല.

എന്നാൽ നിന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം കടയ്ക്കു മുന്നിലുണ്ട്. വസന്ത്കുഞ്ച് ബി-9, വസന്ത് അപ്പാർട്മെന്റിൽ ഭാര്യ തങ്കമ്മയ്ക്കും രണ്ടു മക്കളോടുമൊപ്പം താമസിക്കുന്ന ഐസക് മാത്യു രാവിലെ 7നു തന്നെ കടയിലെത്തും. തൊഴിലാളികൾ രാവിലെ 5.30 മുതൽ ഭക്ഷണം പാകംചെയ്തു തുടങ്ങും. ഇഡ്ഡലി, ഉഴുന്നുവട, ദോശ, പരിപ്പുവട, ഊത്തപ്പം, ഉപ്പുമാവ്, പൊങ്കൽ, ലമൺ റൈസ്, പൊറോട്ട, വെജിറ്റേറിയൻ കുറുമ തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കടയിൽ ഭക്ഷണം വാങ്ങാനെത്തുന്നവരിൽ ഏറെയും ഉത്തരേന്ത്യക്കാരാണ്.ഏകദേശം 45 വർഷം പിന്നിടുന്ന തന്റെ ഡൽഹി ജീവിതത്തിൽ വഴിത്തിരിവായത് മാത്യൂസ് കഫേ തുടങ്ങാനുള്ള തീരുമാനമായിരുന്നെന്ന് ഐസക് മാത്യു പറയുന്നു. ഹോട്ടലിലെ തിരക്കുകൾക്കിടയിലും പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഐസക് മാത്യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com