വായു ഗുണനിലവാര സൂചിക 468; അത്യാസന്ന നിലയിൽ; വിഷവായുവിലും പുകമഞ്ഞിലും വീർപ്പുമുട്ടി ജനം

Mail This Article
ന്യൂഡൽഹി∙ പുക മഞ്ഞു മൂടിയ അന്തരീക്ഷത്തിൽ ശ്വാസത്തിന് ഒരാശ്വാസവുമില്ലാതെ ജനങ്ങൾ. നഗരത്തിൽ പല സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക അതീവ അപകട നിലയിലേക്ക് ഉയർന്നു. ശരാശരി വായു ഗുണനിലവാര സൂചിക 468 വരെയെത്തി. പുകമഞ്ഞു മൂടിയ നഗരത്തിൽ ദൂരക്കാഴ്ച പരിധി പലയിടത്തും 300 മീറ്ററിൽ താഴെയായി.
മലിനീകരണത്തിൽ സംസ്ഥാന വനംവകുപ്പിനെ വിമർശിച്ചു ഹൈക്കോടതി രംഗത്തെത്തി. മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പ് നിരുപാധികം അനുമതി നൽകുന്നതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതിരൂക്ഷ മലിനീകരണത്തിൽ ജനങ്ങൾ വീർപ്പുമുട്ടി കഴിയണമെന്നാണോ സർക്കാർ കരുതുന്നതെന്നു കോടതി ചോദിച്ചു.

ദീപാവലി കൂടി കഴിയുന്നതോടെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. പ്രൈമറി ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. നിർമാണ പ്രവർത്തനങ്ങളും വിലക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ ബസുകൾക്കും വാണിജ്യ വാഹനങ്ങൾക്കും നഗരത്തിലേക്കു പ്രവേശനമില്ല.
∙ കർശന നടപടി ഉടനില്ല
കർശന നിയന്ത്രണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിലപാട്. മലിനീകരണ നിയന്ത്രണ നടപടികളുടെ അവസാന ഘട്ടത്തിലാണ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സ്ഥിതി ഒന്നോ രണ്ടോ ദിവസം കൂടി നിരീക്ഷിച്ചിട്ടു കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാമെന്നാണ് കേന്ദ്ര സമിതിയുടെ നിലപാട്. മലിനീകരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ലഫ്. ഗവർണർ വി.കെ. സക്സേന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാന പരിസ്ഥിതി മന്ത്രിയും ഉദ്യോഗസ്ഥരുമാണ് രാജ് നിവാസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
ഛത്തീസ്ഗഡിൽ ആയതിനാൽ കേജ്‌രിവാൾ പങ്കെടുത്തില്ല. സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തു. കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോടും അയൽ സംസ്ഥാനങ്ങളോടും ആവശ്യപ്പെടണമെന്ന് ലഫ്. ഗവർണറോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലെ സ്ഥിതി അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നവെന്ന് എല്ലാ സർക്കാർ സംവിധാനങ്ങളും കർശന ജാഗ്രത പുലർത്തണമെന്നും ലഫ്. ഗവർണർ നിർദേശിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ പ്രത്യേകം കരുതലെടുക്കണമെന്നും പറഞ്ഞു.
∙ കേന്ദ്രം ഇടപെടണം
അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നേരിടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കാര്യക്ഷമമായി ഇടപെടണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആവശ്യപ്പെട്ടു.
ഡൽഹിയിലെ മലിനീകരണത്തിന് മുഖ്യമന്ത്രി കേജ്‌വാരിളിനെ കുറ്റപ്പെടുത്തുന്ന ബിജെപി ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മലിനീകരണത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗോപാൽ റായ് കുറ്റപ്പെടുത്തി. ഡൽഹിയിലെ 69 ശതമാനം മലിനീകരണത്തിന്റെ ഉറവിടം അയൽ സംസ്ഥാനങ്ങളിൽ നിന്നാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
അയൽ സംസ്ഥാനങ്ങളായ യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതാണു ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം.
∙ മാസ്കിനും പ്യൂരിഫയറിനും ഡിമാൻഡ്
കോവിഡ് ഭീതിക്ക് ശേഷം അഴിച്ചു വച്ച മാസ്കുകൾ വായു ഭീതിയിൽ ഡൽഹി വീണ്ടുമണിഞ്ഞു തുടങ്ങി. മാസങ്ങൾക്ക് ശേഷം എൻ 95 മാസ്കുകളുടെ വിൽപന കൂടിയെന്ന് വ്യാപാരികൾ പറഞ്ഞു. മലിനീകരണം രൂക്ഷമായതോടെ എയർ പ്യൂരിഫയർ വിൽപനയിലും ഈ ദിവസങ്ങളിൽ 25 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
∙ ഹരിയാനയിൽ നടപടി
ഹരിയാനയിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുത്തു തുടങ്ങി. 939 പേർക്ക് ചെല്ലാൻ നൽകുകയും 25.12 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കൃഷിയിടങ്ങളിൽ തീയിടുന്നവർക്കെതിരെ കർശന നപടിയെടുക്കുമെന്നു ഹരിയാന ചീഫ് സെക്രട്ടറി സഞ്ജീവ് കൗശൽ പറഞ്ഞു. അതേസമയം ഇന്നലെ ഹരിയാനയിൽ കൃഷിയിടങ്ങളിൽ തീയിട്ട 28 കേസുകളും പഞ്ചാബിൽ 1551 കേസുകളും റിപ്പോർട്ട് ചെയ്തു.
കരുതലിൽ പിഴവരുത്
∙ മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങുക
∙ പ്രഭാത വ്യായാമം ഒഴിവാക്കുക
∙ കൈ കഴുകാതെ കണ്ണിൽ തൊടരുത്
∙ തുടർച്ചയായി കണ്ണുകൾ കഴുകുക
∙ ഈർപ്പമുള്ള വൈപ്സ് കരുതുക
∙ ശ്വാസ തടസ്സമുള്ളർ ഇൻഹേലറുകൾ കരുതുക
∙ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക
ഇന്നു മുതൽ കൂടുതൽ മെട്രോ
വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ഡൽഹി മെട്രോ ഇന്നു മുതൽ 20 അധിക സർവീസ് നടത്തും. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 40 അധിക സർവീസ് നടത്തുന്നുണ്ട്. ഇതുൾപ്പെടെ ഇന്നു മുതൽ വിവിധ ലൈനുകളിലായി 60 പുതിയ സർവീസുകളാണുള്ളത്.