സൗമ്യ വിശ്വനാഥൻ വധക്കേസ്: ശിക്ഷാ വിധി ഇന്ന്
Mail This Article
ന്യൂഡൽഹി ∙ മലയാളി ദൃശ്യമാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂർത്തിയായതിനെത്തുടർന്നാണു സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്.കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്
ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.