സൗദിയിൽ അലഞ്ഞുനടന്ന യുപി സ്വദേശിക്ക് തുണയായി മലയാളികൾ
Mail This Article
ന്യൂഡൽഹി ∙ സൗദിയിൽ ജോലിക്കെത്തിയ മാനസിക ദൗർബല്യമുള്ള യുപി സ്വദേശിക്കു തുണയായി മലയാളികൾ. സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ സൗദിയിൽ ഇദ്ദേഹത്തിനു സംരക്ഷണം നൽകുകയും ഒടുവിൽ ഡൽഹിയിലെത്തിച്ചു ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവിന്റെ സഹായത്തോടെ ബന്ധുക്കൾക്കു കൈമാറുകയുമായിരുന്നു.
യുപി ഖുഷിനഗർ സ്വദേശിയായ ഇന്ദ്യാസ് അഹമ്മദ് സിദ്ദിഖിയാണു ഏതാനും മാസം മുൻപു ഹൗസ് കെയർ ജോലിക്കാരനായി സൗദിയിലെത്തിയത്. എന്നാൽ റജിസ്ട്രേഷൻ പ്രശ്നമായതോടെ ജോലിയിൽ പ്രവേശിക്കാനായില്ല. ഇതിനിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇന്ദ്യാസിനെ അധികൃതർ ഇന്ത്യയിലേക്കു മടക്കി അയയ്ക്കാൻ റിയാദ് വിമാനത്താവളത്തിലെത്തിച്ചു.
വിമാനത്തിൽ കയറ്റിയെങ്കിലും ആക്രമണ സ്വഭാവം കാട്ടിയതോടെ പുറത്താക്കി. വിമാനത്താവളത്തിൽ 5 ദിവസത്തോളം അലഞ്ഞുവെന്നു ഷിഹാബ് പറയുന്നു. തുടർന്നാണു വിമാനത്താവള അധികൃതർ സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടത്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ദ്യാസിനെ വിമാനത്താവളത്തിൽ നിന്നു പുറത്തുകൊണ്ടുപോയി താമസസൗകര്യമൊരുക്കി. മികച്ച പരിചരണം ലഭ്യമാക്കിയതോടെ ആരോഗ്യനില മെച്ചപ്പെട്ടു.
ഇതിനിടെ ഇന്ദ്യാസിന്റെ ഭാര്യയെ ബന്ധപ്പെട്ടുവെങ്കിലും ഭർത്താവിനെ സ്വീകരിക്കാൻ തയാറല്ലെന്ന തരത്തിലാണു പ്രതികരിച്ചത്. തുടർന്നാണു ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവിന്റെ അധ്യക്ഷ ദീപ മനോജിനെ ബന്ധപ്പെട്ടത്.
ഇവരുടെ നേതൃത്വത്തിൽ വീണ്ടും ബന്ധുക്കളെ സമീപിക്കുകയും കാര്യങ്ങൾ അറിയിക്കുകയുമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇന്ദ്യാസിനുള്ള യാത്രാ ടിക്കറ്റ് ലഭ്യമാക്കി. ഷിഹാബിനൊപ്പം ഡൽഹിയിലെത്തിയ ഇന്ദ്യാസിനെ ബന്ധുക്കൾക്കു കൈമാറുകയായിരുന്നു.