ADVERTISEMENT

നൃത്ത ലോകത്തെ ഇരട്ടസഹോരങ്ങളാണ് ആദിര ദാസും ഐശ്വര്യ ദാസും. ശാസ്ത്രീയ നൃത്തത്തെ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽപ്പേരിലേക്ക് എത്തിക്കുന്നവർ. നൃത്തത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി, ജനപ്രിയമാക്കാനാണു ശ്രമമെന്നു മയൂർ വിഹാറിൽ താമസിക്കുന്ന തൃശൂർ മായന്നൂർ സ്വദേശികളായ ഇവർ പറയുന്നു. മൂന്നര വയസ്സിലാണു നൃത്തലോകത്തിലേക്കുള്ള ഇരുവരുടെയും പ്രവേശനം. കലാമണ്ഡലം രാധാ മാരാരുടെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി.

പന്തനല്ലൂർ ശൈലിയിൽ ആകൃഷ്ടരായ ഇരുവരും അതിലാണു കൂടുതൽ പഠനം നടത്തിയത്. കുട്ടിക്കാലം മുതൽ ഇരട്ടസഹോദരങ്ങൾ ഒരുമിച്ചു വേദികളിലെത്തിത്തുടങ്ങിയത് ഏറെ ശ്രദ്ധനേടി. കൊൽക്കത്ത കേന്ദ്രമായ രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നു നൃത്തത്തിൽ ബിരുദവും സ്വന്തമാക്കി.  കോളജ് പഠനകാലത്തു ഡൽഹിയിലെ വിവിധ ഫെസ്റ്റുകളിലും ഇവരുടെ നൃത്തം ചർച്ചയായി. 2019ൽ ആരംഭിച്ച യുട്യൂബ് ചാനൽ കോവിഡ് കാലത്താണു കൂടുതൽപ്പേരിലേക്കെത്തിയത്. ജനപ്രിയ ഗാനങ്ങൾക്കൊപ്പം ശാസ്ത്രീയ നൃത്തച്ചുവടുകളുമായി ഇരുവരും സമൂഹമാധ്യമങ്ങളിലും തരംഗമായി.

എഎട്വിൻസ് നൃത്യ നക്ഷത്രാസ്(AATwins Nritya Nakshatras) എന്ന യുട്യൂബ് ചാനലിന് ഇപ്പോൾ 60,000ത്തിലേറെ സബ്സ്ക്രൈബർമാരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ നൃത്തം ആസ്വദിച്ചതു ഒരു കോടിയിലേറെപ്പേർ. ‘നൃത്തം എല്ലാവരെയും ബന്ധിപ്പിക്കുന്നു, അതിർവരമ്പുകൾ ഇല്ലാതാകുന്നു’ ഇവർ പറയുന്നു. ഭരതനാട്യവും മോഹിനിയാട്ടവും വിവിധ ഇന്ത്യൻ നാടോടി നൃത്തരൂപങ്ങളുമെല്ലാം ഇഴചേരുന്നതാണു ഇവരുടെ നൃത്തരൂപങ്ങൾ. സ്വയം ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങൾ ഇരുവരും ഒരുമിച്ച് അവതരിപ്പിക്കുന്നതു കാണാൻ അഴകേറെ. രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിപ്പിടിക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. കണക്കിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ഇരുവരും നൃത്തത്തിലും കൂടുതൽ പഠനം നടത്താനും ലക്ഷ്യമിടുന്നു.  മാതാപിതാക്കൾ എം.വി. രാംദാസും ഇന്ദു രാംദാസും നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ആത്മവിശ്വാസമെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com