സർഗം, വർണവിസ്മയം
Mail This Article
ന്യൂഡൽഹി∙ ഉത്സവമേളമൊരുക്കി ജനസംസ്കൃതി സർഗോത്സവം. കാനിങ് റോഡ് കേരള സ്കൂളിൽ 4 വേദികളിലായി 15ലേറെ മത്സരങ്ങളിലാണു കുട്ടികളും കൗമാരക്കാരും മാറ്റുരച്ചത്. ജൂനിയർ, സീനിയർ, യൂത്ത് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ കലാകാരൻമാരുടെ പേരുകളായിരുന്നു ഓരോ വേദികൾക്കും. ഇന്നസെന്റ്, ലീല ഓംചേരി, കെ.ജി. ജോർജ്, മാമുക്കോയ എന്നിവരുടെ പേരുകളിലുള്ള വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഒപ്പന, നാടോടി നൃത്തം, പ്രഛന്നവേഷം, ഭരതനാട്യം, സംഘഗാനം, തെരുവ് നാടകം, കവിത രചന, സംഘ നൃത്തം, ചലച്ചിത്ര ഗാനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കലാമത്സരങ്ങൾക്ക് പുറമേ ജനസംസ്കൃതിയുടെ സ്റ്റാളുകളും കേരള സ്കൂളിൽ ഒരുക്കിയിരുന്നു. പ്രസാധകരുടെ മലയാളം പുസ്തകങ്ങളുടെ സ്റ്റാളും ഉണ്ടായിരുന്നു.
∙ ജനകീയ ഭക്ഷണശാല
പനമ്പ് കൊണ്ടു ചുറ്റിമറച്ചു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പോസ്റ്ററുകൾ പതിപ്പിച്ച ജനസംസ്കൃതിയുടെ ജനകീയ ഭക്ഷണശാല സർഗോത്സവത്തിന് എത്തിയവരുടെ രുചി മത്സരങ്ങൾക്കുള്ള വേദിയായി. തനി നാടൻ രുചിയിൽ ഒരുക്കിയ കേരള വിഭവങ്ങൾ മിതമായി നിരക്കിൽ ലഭ്യമായിരുന്നു. കപ്പയും മീൻകറി, ബീഫ് കറി, കേരള ഊണ്, മസാല ദോശ, കൂടാതെ പഴംപൊരി, പരിപ്പുവട തുടങ്ങിയ ചെറു കടികളുമായിരുന്നു താരങ്ങൾ.
∙ ശാസ്ത്രവിജ്ഞാനം
ഡൽഹി സയൻസ് ഫോറവുമായി ചേർന്ന് ജനസംസ്കൃതി ഒരുക്കിയ ശാസ്ത്ര വിജ്ഞാന സ്റ്റാൾ ആയിരുന്നു മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രം. കാലിഡോസ്കോപ്പിലെ വിസ്മയ കാഴ്ചകളും രസതന്ത്ര പാഠങ്ങളിലെ ചെറിയ പരീക്ഷണങ്ങളും കുട്ടികൾ നേരിട്ടു ചെയ്തു മനസ്സിലാക്കാനുള്ള അവസരം ഒരുക്കിയിരുന്നു.
∙ ഇന്നു സമാപനം
ഒരു മാസമായി ജനസംസ്കൃതിയുടെ വിവിധ ബ്രാഞ്ചുകളിൽ ബഹുസ്വരതയുടെ ആഘോഷം എന്ന പ്രമേയത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നു വിജയിച്ചവർ പങ്കെടുക്കുന്ന കേന്ദ്ര സർഗോത്സവം ഇന്നു സമാപിക്കും. മോണോ ആക്ട്, ഭരതനാട്യം ജൂനിയർ, നാടോടി നൃത്തം സീനിയർ, മോഹിനിയാട്ടം സീനിയർ, യൂത്ത്, മാപ്പിളപ്പാട്ട് സീനിയർ, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്. വൈകിട്ട് 5.30ന് കാനിങ് റോഡ് കേരള സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം ഇർഷാദ് അലി മുഖ്യാതിഥിയാകും. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.