ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് കാലത്ത് അയഞ്ഞും പിരിഞ്ഞും പോയ ആവേശം വീണ്ടും മുറുക്കി ഡൽഹിയിൽ വടംവലി മത്സരങ്ങളുടെ കളം സജീവമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണു മെഹ്‌റോളിയിലെ മൈതാനത്ത് വടംവലിക്കായി ആരവമുയരുന്നത്. 2005ൽ ആരംഭിച്ച വടംവലി ടൂർണമെന്റുകൾ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നിന്നത്. ഒരുകാലത്ത് കേരളത്തിൽ നിന്നു മല്ലൻമാരെ പ്രത്യേകം ക്ഷണിച്ചു കൊണ്ടു വന്ന് വിവിധ ടീമുകൾ വാശിയേറിയ മത്സരങ്ങൾ നടത്തിയിരുന്നു.

ദക്ഷിണ ഡൽഹിയിലെ മെഹ്റോളിയിലായിരുന്നു മത്സരങ്ങളുടെ തുടക്കം. പിന്നീട് മലയാളികൾ കൂട്ടമായി താമസിക്കുന്ന ദിൽഷാദ് ഗാർഡൻ, മയൂർവിഹാർ, മഹാവീർ എൻക്ലേവ്, ഹരിനഗർ ഭാഗങ്ങളിലേക്കും വ്യാപിച്ചു. മെഹ്റോളി അമൽ അസോഷ്യേറ്റ്സ് ആയിരുന്നു ആദ്യകാല ചാംപ്യൻമാർ. മെഹ്റോളി കേരള പ്രോപ്പർട്ടീസ്, മഹാവീർ എൻക്ലേവ്  കൈരളി പ്രോപ്പർട്ടി, പൊലീസ് ടീം, ന്യൂ ഫ്രണ്ട്സ് കോളനി തരംഗം ടീം, മയൂർവിഹാർ സൗഹൃദം ടീം, ദിൽഷാദ് ഗാർഡൻ ടീമുകളായി ചാംപ്യൻമാർ. ഇതോടൊപ്പം ഫരീദാബാദ്, ഗുരുഗ്രാം ടീമുകൾ ഉൾപ്പെടെ 15ലേറെ വടംവലി ടീമുകൾ ഇപ്പോൾ ഡൽഹിയിലും പരിസരങ്ങളിലും സജീവമാണ്.   

മെഹ്റോളിയിലെ വടംവലി മത്സരങ്ങളുടെ മുഖ്യ അമരക്കാരനും മലയാളി കൂട്ടായ്മകളുടെ സജീവ സാന്നിധ്യവുമായിരുന്ന സാജൻ വർഗീസിന്റെ അനുസ്മരണയ്ക്കാണ് ഇത്തവണ മെഹ്‌റോളി സിൻസിയർ ക്ലബ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്നു 10 മുതൽ മെഹ്റോളി ശംഷി തലാബിനു സമീപം ആം ബാഗ് ഗ്രൗണ്ടിലാണ് മത്സരം. 590 കിലോ വിഭാഗത്തിലാണു മത്സരം.സാജൻ വർഗീസ് എവറോളിങ് ട്രോഫിയും 25,000 രൂപയുമാണ് ഒന്നാം സമ്മാനം, 15000 രൂപയും ട്രോഫിയും 10,000 രൂപയും ട്രോഫിയുമാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. 5000 രൂപയും ട്രോഫിയും 3000 രൂപയും ട്രോഫിയുമായി നാലും അഞ്ചും സമ്മാനങ്ങളുമുണ്ട്. 

മാറ്റുരയ്ക്കും വനിതകളും
ഇന്നു നടക്കുന്ന മത്സരത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നിന്നായി 11 ടീമുകളാണു മത്സരിക്കുന്നത്. വനിതകളുടെ ടീമും വടംവലിയിൽ പങ്കെടുക്കുന്നു. വനിതകളുടെ ടീമിൽ വിജയിക്കുന്നവർക്ക് 5000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 3000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം. നിലവിൽ വനിതകളുടെ 3 ടീമുകളാണ് മത്സരിക്കാനുള്ളത്. 

18 വർഷങ്ങൾക്കു മുൻപാണ് ഡൽഹിയിൽ വടംവലി മത്സരങ്ങൾ സജീവമായി ആരംഭിച്ചത്. ഓണാഘോഷത്തോട് അനുബന്ധിച്ചു തുടങ്ങിയ മത്സരങ്ങൾ പിന്നീട് സ്ഥിരമായി. കോവിഡിന് ശേഷം ഇപ്പോഴാണു ഡൽഹിയിൽ വീണ്ടും വടംവലി മത്സരങ്ങൾ പുനരാരംഭിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുള്ളരാണ് മത്സരത്തിന് ഇറങ്ങുന്ന ടീമംഗങ്ങളിൽ പലരും. അതിനാൽ പരിശീലനം ഉൾപ്പെടെ തയാറെടുപ്പുകൾ രാത്രികാലങ്ങളിലാണ് നടക്കുന്നത്. ഇനിയുള്ള വർഷങ്ങളിലും ഡൽഹിയിൽ വിവിധ ഏരിയകളിൽ വടംവലി മത്സരങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടു പോകാനാണ് മലയാളി കൂട്ടായ്മകളുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com