ADVERTISEMENT

ന്യൂഡൽഹി∙ കാർഗിൽ യുദ്ധവിജയത്തിനു തൊട്ടുപിന്നാലെ നടന്ന 1999–ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സൈനികമേധാവികളുടെ ചിത്രങ്ങൾ ഭരണകക്ഷിയായ ബിജെപി ചിലയിടങ്ങളിൽ പോസ്റ്ററുകളിൽ ഉപയോഗിക്കുന്നതായി കരസേനാമേധാവി ജനറൽ വി.പി. മാലിക്കിന്റെ ചെവിയിലെത്തി. ‘‘ഇത് ശരിയല്ലെന്ന് ഞാൻ അപ്പോൾ തന്നെ പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചു. പോസ്റ്ററുകൾ അഴിച്ചുമാറ്റാനും അതാവർത്തിക്കരുതെന്നും അദ്ദേഹം അപ്പോൾ തന്നെ പാർട്ടി നേതൃത്വത്തിന് ഉത്തരവ് നൽകി.’’

നിയന്ത്രണരേഖ കടക്കാതെ പോരാടിവേണം കാർഗിലിലെ നുഴഞ്ഞുകയറ്റക്കാരെ തുരത്താനെന്ന് സൈന്യത്തിന് ഉത്തരവ് നൽകിയിരുന്നു. സൈന്യം അതനുസരിക്കാൻ തയാറായിരുന്നുവെങ്കിലും നിബന്ധന പ്രധാനമന്ത്രി പരസ്യപ്പെടുത്തിയത് സൈന്യത്തിന് ഇഷ്ടമായില്ല. ‘‘ഒരു ദിവസം അക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതെന്തുകൊണ്ടെന്ന് അദ്ദേഹം ആരാഞ്ഞു. നിയന്ത്രണരേഖ കടക്കാതെ യുദ്ധവിജയം സാധ്യമല്ലെന്ന് പിന്നീട് കണ്ടെത്തിയാൽ ഞങ്ങൾ അനുമതി ചോദിക്കുമ്പോൾ എന്തുചെയ്യുമെന്ന് ഞാൻ മറിച്ചുചോദിച്ചു. അദ്ദേഹം അപ്പോഴൊന്നും പറഞ്ഞില്ല. 

പക്ഷേ, അന്ന് വൈകിട്ട് അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര ഒരു അഭിമുഖത്തിൽ വ്യക്തമാക്കി – നിയന്ത്രണരേഖ കടക്കരുതെന്ന് ഇന്നത്തെ നിലയിൽ സൈന്യത്തിനുമേൽ നിബന്ധനയുണ്ട്. നാളെ അതുണ്ടാവുമോ പറയാനാവില്ല.’’

ആണവപരീക്ഷണം നടത്തുന്നതിനുമുമ്പ് സൈന്യത്തോട് അദ്ദേഹം ചോദിച്ചില്ല. അക്കാര്യം അദ്ദേഹം നേരത്തെതന്നെ തീരുമാനിച്ചിരുന്നതാണ്. നയപരമായ തീരുമാനമായിരുന്നു അത്. പാക്ക് ഭീകരർ കാണ്ടഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാനുള്ള ചർച്ചകളിൽ സൈന്യത്തിന് പങ്കില്ലായിരുന്നു. യാത്രക്കാരെ വിട്ടുകിട്ടുന്നതിന് പകരമായി മോചിപ്പിക്കുന്ന തടവുകാരുമായി പോകുന്ന വിമാനത്തിൽ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പോകണമെന്ന് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചതായി അറിഞ്ഞപ്പോൾ അത് വേണോയെന്ന് സൈനികമേധാവിമാർ ചോദിച്ചു. 

ഉടൻതന്നെ അദ്ദേഹം അക്കാര്യം കാബിനറ്റിൽ ചർച്ചചെയ്യാൻ ഉത്തരവിട്ടു. കാബിനറ്റിന്റെ തീരുമാനമെങ്കിൽ അതനുസരിക്കാൻ തങ്ങളും ബാധ്യസ്ഥാരാണ് – മാലിക് പറഞ്ഞു.

വാജ്പേയിയുടെ 99–ാം ജന്മദിനത്തിൽ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിലാണ് മാലിക്ക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.  

കാർഗിൽ യുദ്ധം കഴിഞ്ഞ് അധികം താമസിയാതെ ബന്ധങ്ങൾ പുനസ്ഥാപിക്കാൻ കരസേനാമേധാവിയെ പാക്ക് സന്ദർശനത്തിനയക്കാൻ ഒരു നിർദേശം ഉയർന്നു. താത്പര്യമുണ്ടോ എന്നദ്ദേഹം ചോദിച്ചു. ‘‘ഇല്ലെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹത്തിന് അതിഷ്ടമായോ എന്നറിയില്ല, പക്ഷേ അദ്ദേഹം പിന്നെയൊന്നും പറഞ്ഞില്ല.’’പോരാട്ടത്തിൽ വീരമൃത്യുവരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന സഹായം പോരെന്ന് താൻ പ്രധാനമന്ത്രിയെ അറിയിച്ചു. എത്ര വേണമെന്ന് അദ്ദേഹം ആരാഞ്ഞു. ‘‘എന്റെ സ്റ്റാഫ് ഓഫിസർമാർ നിർദേശിച്ച തുക വളരെ കൂടുതലാണെന്ന് എനിക്കു തോന്നിയെങ്കിലും ഞാനത് പ്രധാനമന്ത്രിക്ക് കൈമാറി. അത് മുഴുവൻ അദ്ദേഹം അനുവദിച്ചു,’’ മാലിക് അനുസ്മരിച്ചു.

ചടങ്ങിൽ മുൻ വിദേശകാര്യസെക്രട്ടറി കൺവൽ സിബൽ, മുൻ മന്ത്രിയും ഇന്ത്യാ ഫൗണ്ടേഷൻ ഭരണസമിതി ചെയർമാനുമായ സുരേഷ് പ്രഭു, സമിതി അംഗമായ വൈസ് അഡ്മിറൽ ശേഖർ സിൻഹ, ഫൗണ്ടേഷൻ ഡയറകടർ അലോക് ബൻസൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com