ADVERTISEMENT

ന്യൂഡൽഹി∙ തിഹാർ എന്ന പേരിന് എന്നും ഭീതിയുടെ പരിവേഷമുണ്ട്. എന്നാൽ, പേരുദോഷം മാറ്റിയെഴുതുകയാണ് മസ്ജിദ് മോത്ത് ജെബി ടിറ്റോ റോഡിലെ പെട്രോൾ പമ്പിനോടു ചേർന്നുള്ള തിഹാർ ജയിൽ സ്റ്റോർ. തിഹാർ ജയിൽ എന്നതിന്റെ ചുരുക്കപ്പേരായ 'ടിജെ ബ്രാൻഡ്' ഉൽപന്നങ്ങൾക്കു മാത്രമായി ഒരിടം. തടവുകാർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽക്കാൻ സ്ഥാപനം ആരംഭിച്ചതോടെ ടിജെ ബ്രാൻഡിന് ആവശ്യക്കാരേറെയാണ്.

ഫർണിച്ചർ, വസ്ത്രങ്ങൾ, ചോക്ലേറ്റ്, കേക്ക്, ഷാംപൂ, സോപ്പ്, പലഹാരങ്ങൾ, അച്ചാറുകൾ, മസാല തുടങ്ങി ഒട്ടേറെ സാധനങ്ങൾ തിഹാർ സ്റ്റോറിലുണ്ട്. 'ടിജെ'സ്, എ തിഹാർ ജയിൽ ഇനിഷ്യേറ്റീവ്' എന്ന് എല്ലാ ഉൽപന്നങ്ങളിലും ലേബൽ പതിച്ചിരിക്കുന്നു.

വസ്ത്രങ്ങളുടെ വിഭാഗത്തിൽ സാരികൾ, സൽവാർ, ഷാളുകൾ, ഷർട്ട്, ഹാൻഡ് ബാഗ് എന്നിവയാണുള്ളത്. ഭക്ഷണ വിഭാഗത്തിൽ ബ്രെഡ്, ബൺ, കുക്കീസ്, മിക്സ്ചർ എന്നിവയും. അന്തർ ക്രാന്തി (ആന്തരിക വിപ്ലവം) എന്ന പേരിൽ തടവുകാർ നിർ‌മിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളും വിൽപനയ്ക്കുണ്ട്. സോപ്പ്, ഷാംപൂ, ഫെയ്സ് വാഷ്, ഫെയ്സ് പായ്ക്ക് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. 

തടവുകാരുടെ ഉൽപന്നങ്ങൾ നേരത്തേ സർക്കാർ സ്ഥാപനങ്ങളിലേക്കാണു നൽകിയിരുന്നത്. ഇവ വിൽക്കാൻ സ്റ്റോർ ഏറ്റെടുത്തു നടത്താൻ മറ്റൊരു സംരംഭകരെ കണ്ടെത്തുകയായിരുന്നു പ്രധാന തടസ്സം. ഒടുവിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് മുന്നോട്ടു വന്നത് ഏറെ സഹായമായെന്നു പബ്ലിക് റിലേഷൻസ് ഓഫിസർ അരവിന്ദ് പറഞ്ഞു.

കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാനും ബിൽ നൽകി പണം സ്വീകരിക്കാനും ഇരിക്കുന്നതു തടവുകാരാണ്. രാവിലെ 9 മണിക്ക് ജയിലിൽ നിന്നുള്ള ബസിൽ ഇവരെ എത്തിക്കും. വൈകിട്ട് 8ന് തിരിച്ചു കൊണ്ടു പോകും. 

മേൽനോട്ടത്തിന് പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഏറെക്കാലം ശിക്ഷയനുഭവിച്ചവരെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരായി തിരഞ്ഞെടുക്കുന്നത്. വർഷങ്ങളോളം ജയിലിനുള്ളിൽ കഴിഞ്ഞവർക്ക് സാമൂഹിക ജീവിതവുമായി ഇണങ്ങിച്ചേരാൻ ജോലി സഹായിക്കുമെന്ന് ഡൽഹി ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് സഞ്ജയ് ബേനിവാൾ പറയുന്നു.

തടവുകാരുടെ മാനസിക പരിവർത്തനത്തിനു വേണ്ടി 1961ലാണ് ജയിൽ ഫാക്ടറി ആരംഭിക്കുന്നത്. ആദ്യം ഫർണിച്ചർ, കൈത്തറി, പേപ്പർ, തയ്യൽ, ബേക്കറി എന്നിവയായിരുന്നു. 2009ൽ ഷൂ നിർമാണ യൂണിറ്റ് കൂടി ആരംഭിച്ചു. പിന്നീട് ഡിറ്റർജന്റ് ഉൾപ്പെടെയുള്ള വസ്തുക്കളും ആഭരണ നിർമാണം വരെ ആരംഭിച്ച് ഇന്ന് ടിജെ'എസ് ബ്രാൻഡ് എന്ന തലത്തിൽ എത്തിനിൽക്കുന്നു. 

തിഹാർ സ്റ്റോറിലെ 65 ശതമാനം വരുമാനവും ഫർണിച്ചർ ഉൽപന്നങ്ങളുടെ വിൽപനയിൽ നിന്നാണ്. വരുമാനത്തിൽ നിന്ന് അസംസ്കൃത വസ്തുക്കളും മറ്റും വാങ്ങിയ ശേഷം ജീവനക്കാരായ തടവുകാർക്ക് ശമ്പളവും നൽകുന്നു.  25 ശതമാനം തുക കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നതിനുള്ള വിക്ടിം വെൽഫെയർ ഫണ്ടിലേക്കും നിക്ഷേപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com