ADVERTISEMENT

ന്യൂഡൽഹി∙ ശൈത്യകാലം കടുത്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഡൽഹിയിലേക്കു ദേശാടന പക്ഷികളെത്തി. സൈബീരിയൻ തണുപ്പിൽ നിന്നു രക്ഷ തേടി വരുന്ന സൈബീരിയൻ കൊക്കുകളാണു ദേശാടകരിൽ പ്രധാനി. ഡൽഹിയിലെ തണ്ണീർത്തടങ്ങളിൽ ഇനി നാടൻ പക്ഷികൾക്കൊപ്പം റോസി പെലിക്കൺ, ബ്ലാക്ക് നേക്ക്ഡ് ഗ്രേബെ തുടങ്ങിയ ദേശാടന പക്ഷികളും നീരാട്ടിനിറങ്ങും. ഗ്രേ ലാഗ് ഗൂസ്, നോർത്തേൺ ഷോവ്‌ലർ, നോർത്തേൺ പിൻടെയ്ൽ, ബ്ലാങ്ക് ഫ്രാങ്കോലിൻ, ഗ്രേറ്റർ ഫ്ലെമിങ്ഗോസ് എന്നിവയാണ് ഡൽഹിയിലെത്തുന്ന മറ്റു ദേശാടന പക്ഷി

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓഖ്‌ല പക്ഷി സങ്കേതത്തിൽ ഇത്തവണ എത്തിയ പക്ഷികളുടെ എണ്ണം വളരെ കുറവാണെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. അധികൃതരുടെ വീഴ്ച കാരണം പ്രദേശത്തെ തണ്ണീർത്തടങ്ങൾ കഴി‍ഞ്ഞ വർഷം പല തവണ വറ്റി വരണ്ടു. ഡൽഹി–നോയിഡ അതിർത്തിയിലുള്ള ഈ പക്ഷി സങ്കേതം 1990ൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചതാണ്.

ഗൗതം ബുദ്ധ നഗർ ഫോറസ്റ്റ് ‍ഡിവിഷന്റെ അശ്രദ്ധ കൊണ്ടു മാത്രം പക്ഷി സങ്കേതം ഇപ്പോൾ വെറുമൊരു വിനോദ സഞ്ചാര പാർക്കായി മാറിയെന്ന് ഏഷ്യൻ വാട്ടർ ബേർഡ് സെൻസസിന്റെ ഡൽഹി കോഓർഡിനേറ്റർ ടി.കെ. റോയി പറഞ്ഞു.സുൽത്താൻപുർ നാഷനൽ പാർക്ക്, ചന്ദു ബുധേര, മംഗർബാനി, ഭോണ്ട്സി നാഷനൽ പാർക്ക് തുടങ്ങി.ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പക്ഷി നിരീക്ഷണത്തിനു പറ്റിയ ഒട്ടേറെ സ്ഥലങ്ങളുണ്ട്. 

∙ ഓഖ്‌ല പക്ഷി സങ്കേതം

ഓഖ്‌ല ബ്രിജിനു സമീപത്താണ് 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പക്ഷി സങ്കേതം

∙ അസോള ഭാട്ടി വന്യജീവി സങ്കേതം

ഡൽഹിയിൽ ആരവല്ലി കുന്നുകളുടെ വടക്കു ഭാഗത്താണ് ഒട്ടേറെ ദേശാടന പക്ഷികൾ പതിവായെത്തുന്ന ഈ സ്ഥലം.

∙ നജഫ്ഗഡ് ഝീൽ പക്ഷി സങ്കേതം

നജഫ്ഗഡ് തടാകത്തിനു സമീപമാണ് ദേശാടന പക്ഷികളുടെ  ഇഷ്ട കേന്ദ്രമായ ഈ സ്ഥലം.

∙ സുർജപുർ പക്ഷി സങ്കേതം

റെഡ് ക്രസ്റ്റഡ് പോക്കാർഡ്, കോംബ് ഡക്ക്, ബാർ ഹെഡഡ് ഗൂസ് എന്നിവയാണ് ഗ്രേറ്റർ നോയിഡയിലെ ഈ പക്ഷി സങ്കേതത്തിലെ സ്ഥിരം അതിഥികൾ.

∙ സഞ്ജയ് വൻ

ഗ്രേ ബ്രെസ്റ്റഡ് പ്രിനിയ, വൈറ്റ് ത്രോട്ടഡ് കിങ്ഫിഷർ എന്നിവയാണ് ദക്ഷിണ ഡൽഹിയിലെ ഈ പക്ഷി സങ്കേതത്തിലെ സ്ഥിരം വിരുന്നുകാർ.

∙ ആരവല്ലി ബയോ ഡൈവേഴ്സിറ്റി പാർക്ക്

170ലേറെ ഇനം പക്ഷികളുള്ള ഈ സ്ഥലം പക്ഷി നിരീക്ഷകരുടെ ഇഷ്ട കേന്ദ്രമാണ്.

∙ കമല നെഹ്റു റിഡ്ജ് പാർക്ക്‌

സിവിൽ ലൈൻസിനോടു ചേർന്നുള്ള ഇവിടെ ദേശാടന പക്ഷികൾക്കു പുറമേ 70 വ്യത്യസ്ത ഇനത്തിലുള്ള പക്ഷികളുണ്ട്.

∙ യമുന ബയോ ഡൈവേഴ്സിറ്റി പാർക്ക്

വംശനാശം നേരിടുന്ന സസ്യ വർഗങ്ങളുടെ സംരക്ഷണ കേന്ദ്രം കൂടിയായ ഇവിടം പക്ഷി നിരീക്ഷണത്തിനും ധാരാളം ആളുകളെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com