ADVERTISEMENT

ന്യൂഡൽഹി ∙ ചരിത്രത്തിൽ ആദ്യമായി കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘം റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുമ്പോൾ നയിക്കുന്നത് മലയാളി ഓഫിസറാണ്. കോസ്റ്റ് ഗാർഡ് ഡൽഹി ആസ്ഥാനത്തെ ഉത്തം അധികാരി മലപ്പുറം സ്വദേശി പി.ജി.ബാബുവാണ് കോസ്റ്റ് ഗാർഡിന്റെ ബാൻഡ് മാസ്റ്റർ. കോസ്റ്റ് ഗാർഡ് രൂപീകരിച്ചതിനു േശഷം ആദ്യമായാണ് സേനയുടെ ബാൻഡ് സംഘം റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്നത്.

24 പേരുൾപ്പെട്ട ബാൻഡ് സംഘം സല്യൂട്ട് സമയത്ത് ആലപിക്കുന്ന ‘സാരേ ജഹാം സെ അച്ഛാ’ എന്ന ഗാനത്തിനു ശേഷം ആലപിക്കുന്ന കോസ്റ്റ് ഗാർഡിന്റെ മാർച്ചിങ് ട്യൂൺ ചിട്ടപ്പെടുത്തിയതും ബാബുവാണ്. ബാൻഡ് സംഘത്തിൽ 3 മലയാളികൾ കൂടിയുണ്ട്: സിജോ ചെല്ലേക്കാട്ട് (ചാലക്കുടി), കെ.എസ്.ബിജോയ് (തിരുവനന്തപുരം), വിവേക് പുന്നത്ത് (മലപ്പുറം). സിജോ സാക്സഫോണും ബിജോയ് ബേസ് ഡ്രമ്മും വിവേക് ക്ലാർനെറ്റുമാണ് വായിക്കുന്നത്.

കീബോർഡും ട്രംബോണും കൈകാര്യം ചെയ്യുന്ന ബാബു 1993 മുതൽ നാവിക സേനയിൽ മ്യുസീഷനായിരുന്നു. 2008ലാണ് കോസ്റ്റ് ഗാർഡിൽ ചേരുന്നത്. വേണ്ടത്ര അംഗബലം ഇല്ലാത്തതിനാലാണ് കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘത്തിന് റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ ഇതുവരെ അവസരം ലഭിക്കാതിരുന്നതെന്നു ബാബു പറഞ്ഞു. 

2007ൽ മലയാളി ഓഫിസറായ ജോഷ്വ ദാസാണ് കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘം രൂപീകരിച്ചത്. പിന്നീട് വിശിഷ്ട സേവ മെഡൽ നേടിയ മലയാളി ഓഫിസർ നരേന്ദ്ര നാഥിനായിരുന്നു ചുമതല.

മുംബൈയിൽ സംഗീതജ്ഞനായിരുന്ന അച്ഛൻ ഗോപാലനിൽ നിന്നാണ് ബാബുവിനു സംഗീതപാഠങ്ങൾ പകർന്നു കിട്ടിയത്. സ്കൂൾ, കോളജ് പഠനകാലത്ത് ജില്ലാ, സോണൽതലങ്ങളിൽ കീബോർഡിലും മറ്റും ബാബു ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അമ്മ ജാനകിയും നന്നായി പാടുമായിരുന്നു. ഭാര്യ സ്മിഷ ബാബു. അഭിനവ്, അനന്യ എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com