മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോം തകർന്ന് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Mail This Article
ന്യൂഡൽഹി∙ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പിങ്ക് ലൈനിലുള്ള ഗോകുൽപുരി മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഒരുഭാഗം റോഡിലേക്ക് തകർന്നു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗുരുതര പരുക്കേറ്റ നാലുപേർ ദിൽഷാദ് ഗാർഡൻ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് സ്ലാബ് വീണ് 4 ഇരുചക്ര വാഹനങ്ങൾ തകർന്നു. ഇന്നലെ രാവിലെ 11നാണ് സംഭവം. മെട്രോ സ്റ്റേഷനു താഴെയുള്ള റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കരാവൽ നഗർ, ഷഹീദ് ഭഗത് സിങ് കോളനി നിവാസി വിനോദ് കുമാർ (53) ആണ് മരിച്ചത്.
റോഡിനു മീതെ തൂണുകളിൽ സ്ഥാപിച്ച മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ കിഴക്ക് ഭാഗത്തുള്ള ഭിത്തിയും സ്ലാബുമാണ് തകർന്നു വീണത്. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തെത്തുടർന്ന് മെട്രോ സ്റ്റേഷന്റെ പ്രവർത്തനം തൽക്കാലത്തേക്കു നിർത്തിവച്ചു. അപകടമുണ്ടായ ഭാഗത്ത് സ്ലാബിന്റെ ഒരുഭാഗം ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. സ്ലാബ് നീക്കുന്നതുവരെ പ്ലാറ്റ്ഫോമിനു താഴെ ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
വിദഗ്ധ സമിതി രൂപീകരിക്കണം
അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഡിഎംആർസിക്ക് നിർദേശം നൽകിയതായി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
25 ലക്ഷം രൂപ സഹായം
മരിച്ച വിനോദ് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായമായി നൽകുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും. ഡൽഹി മെട്രോയുടെ മുഴുവൻ പാതകളിലും സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയെന്നും ഡിഎംആർസി വ്യക്തമാക്കി.