കുരുക്കഴിയും, ചരക്കു സംഭരണവും വിതരണവും ഡൽഹിക്ക് പുറത്ത്; പുതിയ നയവുമായി സർക്കാർ
Mail This Article
ഡൽഹി∙ റോഡുകളിലെ തിരക്കും വായു മലിനീകരണവും കുറയ്ക്കാൻ സർക്കാർ പുതിയ ചരക്കു നീക്ക നയം അവതരിപ്പിച്ചു. ദിവസേന 1.93 ലക്ഷം വാഹനങ്ങൾ ഡൽഹിയിലേക്കു വരുകയും ഇവിടെ നിന്നു പുറത്തേക്കു പോകുകയും ചെയ്യുന്നു. ഇതിൽ 73 ശതമാനവും ചരക്കു വാഹനങ്ങളാണ്. 2042 ആകുമ്പോൾ ഡൽഹിയിലെ ചരക്കു വാഹനങ്ങളുടെ എണ്ണത്തിൽ 5.13 ലക്ഷം വർധനവുണ്ടാകുമെന്നും സർക്കാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ വകുപ്പ് കഴിഞ്ഞ ദിവസം കരട് ചരക്കു നീക്ക നയം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനം ചെയ്യുന്നതിനു മുൻപായി നയത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
പ്രധാന നിർദേശങ്ങൾ
∙ ഡൽഹിയിലേക്കു വരുന്ന ചരക്കു വാഹനങ്ങളിലെ വസ്തുക്കൾ സംഭരിക്കാനും പുറത്തേക്കുള്ള വിതരണത്തിനും നഗരത്തിനു പുറത്ത് സംവിധാനം ഒരുക്കിയാൽ ഗതാഗതക്കുരുക്കും മലിനീകരണവും ഗണ്യമായി കുറയ്ക്കാം
∙ ഡൽഹിക്കു പുറത്ത് ചരക്ക് സംഭരണത്തിനും വിതരണത്തിനുമായി 3 വലിയ കേന്ദ്രങ്ങൾ (ഫ്രൈറ്റ് വില്ലേജസ്) സ്ഥാപിക്കുക.
∙ ഡൽഹി–ജയ്പുർ, ഡൽഹി-ഫരീദാബാദ് ഹൈവേകളോടും ഡൽഹി–മീററ്റ് എക്സപ്രസ് വേയോടും ചേർന്നു ഫ്രൈറ്റ് വില്ലേജുകൾ ആരംഭിക്കാം.
∙ വസ്തുക്കളുടെ സംഭരണത്തിനും തരംതിരിക്കലിനും വിതരണത്തിനുമുള്ള ആധുനിക സംവിധാനങ്ങൾ ഈ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും.
∙ ഹൈവേയുമായി ബന്ധപ്പെട്ട് 6 വരി പാതകളോടു കൂടി 80 ഏക്കർ സ്ഥലത്തായിരിക്കും ഒരു ഫ്രൈറ്റ് വില്ലേജ് നിർമിക്കുക.
∙ നഗരത്തിൽ പല സ്ഥലങ്ങളിലായി 60–70 മൈക്രോ ഡെലിവറി യൂണിറ്റുകൾ സ്ഥാപിക്കുക.
∙ ഇ കൊമേഴ്സ് ഡെലിവറികൾക്കു നിശ്ചിത ദൂരപരിധിയിൽ ചെറിയ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
∙ രണ്ടോ മൂന്നോ മുനിസിപ്പൽ വാർഡുകൾക്കായി ഒരു മൈക്രോ ഡെലിവറി ഹബ്.
തിരക്കിന്റെ കേന്ദ്രങ്ങൾ
ഡൽഹിയിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കമുള്ള തുഗ്ലക്കാബാദ്, സരിത വിഹാർ, ചാന്ദ്നി ചൗക്ക്, പഹാഡ്ഗഞ്ച്, ദരിയാഗഞ്ച്, വസീർപുർ, കരോൾബാഗ്, നരെയ്ന, കീർത്തിനഗർ, പട്ടേൽനഗർ എന്നിവിടങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് പതിവാണ്. ഈ സ്ഥലങ്ങളിലെ വലിയ സംഭരണ കേന്ദ്രങ്ങൾ നഗരത്തിനു പുറത്തേക്കു മാറ്റിയിട്ട് മൈക്രോ വെയർഹൗസുകൾ മാത്രമാക്കാനാണു സർക്കാർ നിർദേശിക്കുന്നത്.
സ്ഥിതി ദുഷ്കരം
മൊത്തവ്യാപാര വിപണികളും നിർമാണ മേഖലകളും വ്യവസായ കേന്ദ്രങ്ങളും മറ്റും നഗരത്തിന്റെ അനിവാര്യമായ ആവശ്യങ്ങളാണ്. എന്നാൽ, സാധനങ്ങൾ കയറ്റിയിറക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതും മെച്ചപ്പെട്ട റോഡുകളുടെ അഭാവവും നഗര ജീവിതം ദുഷ്കരമാക്കുന്നുവെന്നും കരട് നയത്തിൽ ചൂണ്ടിക്കാട്ടുന്നു.