ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്ത് ഡൽഹിയുടെ അതിർത്തികളിൽ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്.

3 വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിർത്തികളിൽ ഉൾപ്പെടെ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

സിംഘു, തിക്രി, ഗാസിപുർ എന്നീ അതിർത്തികളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ പ്രധാന വഴികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

മാർച്ച് കണക്കിലെടുത്ത് ചില സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ആശങ്കയോടെ വ്യാപാരികൾ
പൊലീസിന്റെ വൻ സാന്നിധ്യവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അതിർത്തിയിലെ കടയുടമകൾ. മുൻപ് ഡൽഹിയുടെ അതിർത്തികൾ സംഘർഷഭരിതമാക്കിയ കർഷക സമരം ആവർത്തിക്കുമോയെന്നാണ് വ്യാപാരികളുടെ പേടി. സമരം ശക്തമായാൽ പ്രദേശത്തെ കടകൾ അടച്ചിടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു.

ചർച്ച നടത്തണം: എഎപി
സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് ആവശ്യപ്പെട്ടു.  കർഷക മാർച്ച് തടയാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ അതിരു കടക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com