കേജ്‌രിവാളിന്റെ അറസ്റ്റ് ; നടുത്തളത്തിലിറങ്ങി എഎപി, ബിജെപി വാക്പോര് നിയമസഭയിൽ
Mail This Article
ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെച്ചൊല്ലിയുള്ള ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. കേജ്‌രിവാളിനെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. കേജ്‌രിവാൾ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു.
'മേ ഭി കേജ്‌രിവാൾ' എന്നെഴുതിയ മഞ്ഞ ടീ ഷർട്ടുകളും മുഖത്ത് കേജ്‌രിവാളിന്റെ ഛായയിലുള്ള മാസ്കും ധരിച്ചാണ് എഎപി എംഎൽഎമാർ നിയമസഭയിലെത്തിയത്. അതേസമയം, കറുത്ത വസ്ത്രം ധരിച്ചാണ് ബിജെപി പ്രവർത്തകർ നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചത്.
കേജ്‌രിവാൾ രാജി വച്ചേ മതിയാകൂ എന്ന് പ്രതിപക്ഷ നേതാവ് റാംവീർ സിങ് ബിദുഡി ആവശ്യപ്പെട്ടു. മദ്യ നയം ലോകോത്തരമെങ്കിൽ സർക്കാർ അതു പിൻവലിച്ചതെന്തിനാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യനല്ലെന്നും ബിദുഡി പറഞ്ഞു.
ബഹളത്തിൽ മുങ്ങിയ സഭ സ്പീക്കർ 2 തവണ പിരിച്ചു വിട്ടു. കാര്യപരിപാടികളിലേക്കു കടക്കാതിരുന്നതിനാൽ ഏപ്രിൽ 1നു വീണ്ടും ചേരും. മദ്യനയ അഴിമതിക്കേസിൽ കേജ‌്‌രിവാൾ അറസ്റ്റിലായതിനു ശേഷം ആദ്യമായാണു നിയമസഭ സമ്മേളനം ഇന്നലെ ചേർന്നത്. ആശുപത്രികളിലെ മരുന്നു ക്ഷാമത്തെക്കുറിച്ചും മൊഹല്ല ക്ലിനിക്കുകളെക്കുറിച്ചുമുള്ള ചർച്ചയായിരുന്നു അജൻഡയിൽ ഉണ്ടായിരുന്നത്.
11ന് ആരംഭിച്ച സമ്മേളനം 11.30ന് എഎപി എംഎൽഎമാരുടെ ബഹളത്തെത്തുടർന്ന് നിർത്തിവച്ചു. സഭ വീണ്ടും ചേർന്നപ്പോഴും എഎപി പ്രതിഷേധമുയർത്തി നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കർ റാം നിവാസ് ഗോയൽ സഭ പിരിച്ചുവിട്ടു. കേജ്‌രിവാൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും പ്രവർത്തകരും നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദർ സച്ച്‌ദേവ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.