ADVERTISEMENT

ന്യൂഡൽഹി∙ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കമെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. എന്താവശ്യപ്പെട്ടാലും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പാർട്ടി എംഎൽഎമാർക്ക് ഫോൺ കോളുകൾ വരുന്നതായി എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പാഠക് പറഞ്ഞു. വാഗ്ദാനം സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. എഎപി ഭരിക്കുന്ന പഞ്ചാബിലും ബിജെപിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ താമര’ ആരംഭിച്ചതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ഡൽഹിയിലും സമാന നീക്കങ്ങൾ നടക്കുന്നുവെന്ന പരാതികൾ ഉയരുന്നത്. 

പഞ്ചാബിൽ എഎപിയുടെ ഏക ലോക്സഭാംഗം സുശീൽ കുമാർ റിങ്കുവും ഒരു എംഎൽഎയും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് പഞ്ചാബിൽ ‘ഓപ്പറേഷൻ താമര’ തുടങ്ങി എന്നാരോപിച്ച് എഎപി രംഗത്തെത്തിയത്. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങൾ വോട്ടു ചെയ്തത് അരവിന്ദ് കേജ‍്‍രിവാളിനാണെന്നും ബിജെപി ഗുണ്ടായിസം നടത്തുന്നത് രാജ്യത്തോടാണെന്നും സന്ദീപ് പാഠക് പറഞ്ഞു. ബിജെപിയുടെ നീക്കങ്ങൾ രാജ്യത്തിനു ദോഷം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. ഡൽഹിയിലെ എഎപി എംഎൽഎമാർക്ക് 25 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ മുൻപ് ആരോപിച്ചിരുന്നു. കേജ‍്‍രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തതോടെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി പുനഃരാരംഭിച്ചെന്നാണ് എഎപി നേതാക്കൾ കുറ്റപ്പെടുത്തുന്നത്. 

അതിനിടെ, എഎപിയുടെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. എംഎൽഎമാരെ ഫോൺ ചെയ്ത ഒരു ബിജെപി നേതാവിന്റെ പേരെങ്കിലും പുറത്തുവിടാൻ എഎപി തയാറാണോയെന്ന് ബിജെപി സംസ്ഥാന വക്താവ് പ്രവീൺ ശങ്കർ കപൂർ ചോദിച്ചു. കേജ‍്‍രിവാളിന്റെ അഴിമതികൾ പുറത്തുവന്നതോടെ എഎപി സ്വയം ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഎപി നേതാവിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
ന്യൂഡൽഹി∙ എഎപി നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. വിശ്വാസ് നഗർ നിയമസഭാ മണ്ഡലത്തിൽ മുൻപ് എഎപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള ദീപക് സിംഗ്ലയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. കള്ളപ്പണമിടപാട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com