മഹാറാലി ഇന്ന്: രാംലീല മൈതാനത്തേക്ക് പൊലീസ് കവാടങ്ങൾ; കർശന സുരക്ഷ

Mail This Article
ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും പ്രതിപക്ഷ പാർട്ടി നേതാക്കളെ കുടുക്കാൻ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചും ഇന്ത്യാസഖ്യം നടത്തുന്ന മഹാറാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മൈതാനത്തേക്കു കടക്കുന്നതിനായി പൊലീസ് 7 കവാടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം വിഐപികൾക്കും ഒരെണ്ണം മാധ്യമപ്രവർത്തകർക്കും വേണ്ടിയാണ്. ട്രാക്ടറുകൾ എത്തിക്കരുത്, മാർച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണു പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്. 20,000 പേർക്കാണ് അനുമതി നൽകിയതെങ്കിലും 30,000ലധികം ആളുകളെത്തുമെന്നു പൊലീസ് തന്നെ പറയുന്നു.
ഒരു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നാണ് ആം ആദ്മി പാർട്ടി പറഞ്ഞത്.ബിജെപി, ആം ആദ്മി പാർട്ടി, സിപിഎം എന്നിവയുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ദീൻദയാൽ ഉപാധ്യായ മാർഗിൽ 144 പ്രഖ്യാപിച്ചു. രാം ലീല മൈതാനു പുറത്തേക്കു റാലി അനുവദിക്കില്ല. നിബന്ധനകൾ ലംഘിച്ചാൽ കർശന നപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.രാംലീല മൈതാനിയോടു ചേർന്നുള്ള റോഡുകളിലും പാർക്കിങ് കേന്ദ്രങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹി, ഡിഡിയു മാർഗ്, രാംലീല മൈതാനി എന്നിവിടങ്ങളിലായി 12 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിസരത്ത് സിസിടിവി ക്യാമറകളും കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന് ഗതാഗത നിയന്ത്രണം
ന്യൂഡൽഹി∙ രാം ലീല മൈതാനിയിൽ ഇന്നു നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ടു 4 വരെയാണു നിയന്ത്രണം.
നിയന്ത്രണം
∙ ബാരഖംബ റോഡ് രഞ്ജീത് സിങ് ഫ്ലൈഓവർ മുതൽ ഗുരുനാനാക്ക് ചൗക്ക് വരെ
∙ മിന്റോ റോഡിൽ വിവേകാനന്ദ മാർഗ് മുതൽ കമല മാർക്കറ്റ്, ഹംദർദ് ചൗക്ക് വരെ
∙ ജെഎൽഎൻ മാർഗിൽ ഡൽഹി ഗേറ്റ് മുതൽ ഗുരുനാനാക്ക് ചൗക്ക്, അജ്മീരി ഗേറ്റ് വരെ
∙ ചമൻലാൽ മാർഗിൽ വിഐപി ഗേറ്റ്, ഗുരുനാനാക്ക് ചൗക്ക് മുതൽ തുർക്ക്മാൻ ഗേറ്റ് വരെ
വഴിതിരിച്ചുവിടുന്നത്
∙ രാജ്ഘട്ട് ചൗക്ക്
∙ മിന്റോ റോഡ്, ഡിഡിയു മാർഗ്
∙ മിർദാർദ് ചൗക്ക്
∙പഹാഡ്ഗഞ്ച് ചൗക്ക്
∙ എ–പോയിന്റ്
∙ ഡൽഹി ഗേറ്റ്