മെട്രോ: എയ്റോസിറ്റി– തുഗ്ലക്കാബാദ് പാത ടണൽ നിർമാണം; യെലോ ലൈനിൽ വേഗം കുറച്ചോട്ടം

Mail This Article
ന്യൂഡൽഹി∙ എയ്റോസിറ്റി– തുഗ്ലക്കാബാദ് പാതയിലെ ടണൽ നിർമാണം കാരണം മെട്രോ യെലോ ലൈനിൽ ഒരു മാസം ട്രെയിനുകൾ വേഗം കുറച്ചാവും സഞ്ചരിക്കുകയെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു. ഗുരുഗ്രാമിലെ മില്ലേനിയം സിറ്റി സെന്ററിൽ നിന്ന് ഡൽഹിയിലെ സമയ്പുർ ബദ‍്‍ലി വരെയുള്ള മെട്രോ പാതയാണ് യെലോ ലൈൻ. പാതയിൽ ഛത്തർപുരിനും സുൽത്താൻപുരിനും മധ്യേയാണ് വേഗ നിയന്ത്രണം ഏർപ്പെടുത്തുക.
ഈ ഭാഗത്ത് ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്റർ മാത്രമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ മുതൽ നിലവിൽ വന്ന നിയന്ത്രണം ഈ മാസം 30വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ ട്രെയിനുകൾ വേഗം കുറച്ചതിനാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ വൈകിയത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽ ഭവൻ, കൃഷി മന്ത്രാലയം, വ്യോമസേനാ ആസ്ഥാനം, തൊഴിൽ മന്ത്രാലയം, റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള വിവിധ ഓഫിസുകളിലെ ഒട്ടേറെ ജീവനക്കാർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
ഇതിനു പുറമേ ഐടി ഉദ്യോഗസ്ഥർ, സർവകലാശാല വിദ്യാർഥികൾ എന്നിവരും യെലോ ലൈനിനെ ആശ്രയിക്കുന്നവരിൽ ഉൾപ്പെടും. ട്രെയിനുകളുടെ വേഗം കുറച്ചതോടെ പതിവു സമയത്തിലും മുൻപേ യാത്ര തുടങ്ങിയാൽ മാത്രമേ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഡൽഹി മെട്രോ ഫേസ്–4 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാതയാണ് എയ്റോസിറ്റി– തുഗ്ലക്കാബാദ് മെട്രോ ലൈൻ.