കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്: കൈപിടിച്ച് എഎപിയും കോൺഗ്രസും

Mail This Article
ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥികൾക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. 26നാണ് തിരഞ്ഞെടുപ്പ്. കോർപറേഷനിൽ കോൺഗ്രസിന് 9 കൗൺസിലർമാരുണ്ട്. ആകെ 250 വാർഡുകളുള്ള കോർപറേഷനിൽ 134 എണ്ണത്തിൽ വിജയിച്ചാണ് എഎപി ഭൂരിപക്ഷം നേടിയത്. കോൺഗ്രസിന്റെ കൗൺസിലർമാരിൽ 8 പേരും കഴിഞ്ഞ തവണത്തെ മേയർ, ഡപ്യൂട്ടി മേയർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നിരുന്നു.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്. ഇതിനു ചുവടുപിടിച്ചാണ് കോർപറേഷനിലും യോജിച്ചു പ്രവർത്തിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഉന്നത നേതാക്കളുടെ യോഗത്തിലാണ് എഎപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ ഭരദ്വാജ് വ്യക്തമാക്കി. കോർപറേഷനിൽ മികച്ച ഭരണത്തിന് എഎപിയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹേഷ് ഖിച്ചി (മേയർ), രവീന്ദർ ഭരദ്വാജ് (ഡപ്യൂട്ടി മേയർ) എന്നിവരാണ് ഇക്കുറി എഎപി സ്ഥാനാർഥികൾ. ബിജെപി സ്ഥാനാർഥികളായി കിഷൻ ലാൽ (മേയർ), നീത ബിഷ്ട് (ഡപ്യൂട്ടി മേയർ) എന്നിവരാണ് മത്സര രംഗത്തുള്ളത്.