ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. കേജ്‌രിവാൾ ജയിലിൽ എത്തിയിട്ട് 20 ദിവസം കഴിഞ്ഞു. ഇപ്പോൾ മാത്രമാണ് പ്രമേഹരോഗ വിദഗ്ധന്റെ സേവനം ആവശ്യപ്പെട്ടു തിഹാർ‌ ജയിൽ ഡയറക്ടർ സ‍ഞ്ജയ് ബെനിവാൾ എയിംസിനു കത്തെഴുതിയത്. 

പ്രമേഹ ചികിത്സയ്ക്കുള്ള വിദഗ്ധൻ ജയിലിൽ ഉണ്ടെന്നായിരുന്നു അധികൃതർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ഈ വാദം തെറ്റാണെന്നു തെളിഞ്ഞെന്നും മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു. കേജ്‌രിവാളിന് അടിയന്തരമായി മരുന്നു നൽകണമെന്നാവശ്യപ്പെട്ട് ഇൻസുലിനുമായി ആം ആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുന്നിൽ പ്രതിഷേധിച്ചു. ജയിലിൽ കേജ്‌രിവാളിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഇൻസുലിൻ ആവശ്യമുണ്ടെന്നും വിദഗ്ധനായ ഡോക്ടറെ കാണണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. എന്നാൽ, ബിജെപിയും തിഹാർ ജയിൽ അധികൃതരും ഇതിന്റെ ആവശ്യമില്ലെന്നാണ് പറയുന്നതെന്നും മന്ത്രി ആരോപിച്ചു.

ആരോഗ്യത്തിൽ ആശങ്ക
ഇൻസുലിൻ പ്രതിഷേധത്തിന് മന്ത്രി അതിഷി, സഞ്ജീവ് ഝാ എംഎൽഎ എന്നിവർ നേതൃത്വം നൽകി. ഇതൊരു പ്രതിഷേധമല്ലെന്നും കടുത്ത പ്രമേഹ രോഗിയായ കേ‍ജ്‌രിവാളിന്റെ ആരോഗ്യ കാര്യത്തിൽ ഡൽഹി ജനങ്ങളുടെ ആശങ്കയാണു പ്രതിഫലിക്കുന്നതെന്നു അതിഷി പറഞ്ഞു. കേജ്‌രിവാളിന്റെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നിരിക്കുന്നു. അദ്ദേഹത്തിന് അടിയന്തരമായി ഇൻസുലിൻ നൽകണം. കേജ്‌രിവാളിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിഷി ആരോപിച്ചു.

നിഷേധിച്ച് തിഹാർ
കേജ്‌രിവാളിനോട് വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഡിയോ കോൺഫറൻ‌സിലൂടെ 40 മിനിറ്റ് സംസാരിച്ചെന്നും ഇൻസുലിൻ ആവശ്യമുണ്ടെന്ന് ഡോക്ടർമാരോ കേജ്‌രിവാളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു. കേജ്‌രിവാളിന്റെ ഭാര്യ സുനിത ആവശ്യപ്പെട്ടതനുസരിച്ചാണ് വിദഗ്ധനായ ഡോക്ടറുമായി വിഡിയോ കോൺഫറൻസ് ലഭ്യമാക്കിയതെന്നും ജയിൽ അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com